ചൈനയുടെ ആണവ അന്തർവാഹിനി മുങ്ങി; മറച്ചുവച്ച നാണക്കേടിന്‍റെ രഹസ്യം ഒടുവിൽ പുറത്തായി

ലോകത്തിലെ വൻസൈനിക ശക്തികളിലൊന്നായ ചൈനക്ക് നാണക്കേടുണ്ടാക്കുന്ന വെളിപ്പെടുത്തൽ നടത്തി അമേരിക്ക. നിർമാണത്തിലിരുന്ന ഏറ്റവും പുതിയ ആണവ അന്തർവാഹിനി പതിപ്പ് മുങ്ങിയെന്നാണ് യുഎസിൻ്റെ അവകാശവാദം. ചൈനയുടെ അത്യാധുനിക സൈനിക സാങ്കേതിക വിദ്യയുടെ സുരക്ഷിതത്വത്തിനും വിശ്വാസ്യതയ്ക്കും തിരിച്ചടിയാണ് ഈ സംഭവമെന്നാണ് വിലയിരുത്തലുകൾ. പുതിയ ഷൗ ക്ലാസ് (Zhou class) സീരീസ്  അന്തര്‍വാഹിനിയാണ് വെള്ളത്തിനടിയില്‍ ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യാങ്‌സി നദിയിയിലെ വുചാങ് കപ്പൽശാലയ്ക്ക് സമീപം അന്തർവാഹിനി മുങ്ങിയ ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇതിനെ ഉയർത്താൻ എത്തിച്ചിരിക്കുന്ന ക്രെയിനുകളും ദൃശ്യങ്ങളിലുണ്ട്. ഈ വർഷം ജൂണിലാണ് ചിത്രങ്ങൾ എടുത്തിട്ടുള്ളത്. പ്ലാനറ്റ് ലാബ്‌സ് പിബിസിയിൽ നിന്നുള്ള സാറ്റലൈറ്റ് ചിത്രങ്ങൾ ആമേരിക്കൻ പ്രതിരോധ വിദഗ്ധർ സൂഷ്മമായി വിശകലനം ചെയ്ത ശേഷമാണ് സംഭവം വെളിപ്പെടുത്തിയിരിക്കുന്നത്.


അന്തർവാഹിനി മുങ്ങിയ കാര്യം ചൈനീസ് സർക്കാർ പരസ്യമായി സമ്മതിച്ചിട്ടില്ല. പുതിയ ഫസ്റ്റ് ഇൻ ക്ലാസ് ന്യൂക്ലിയർ പവർ അറ്റാക്ക് മുങ്ങിക്കപ്പൽ മുങ്ങി എന്ന വസ്തുത മറച്ചുവെക്കാൻ ചൈനീസ് നേവി ശ്രമിക്കുന്നതിൽ അതിശയമൊന്നുമില്ല. ചൈനയുടെ പ്രതിരോധ വ്യവസായത്തിനെ ബാധിക്കുന്നതാണ് വിഷയമെന്നും അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതായി അന്താരാഷ്ട്ര വാർത്താ എജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.


അന്തർവാഹിനിയില്‍ ആണവ ഇന്ധനം ഉണ്ടായിരുന്നോ, സംഭവസമയത്ത് അതിൻ്റെ റിയാക്ടർ സജീവമായിരുന്നോ എന്ന കാര്യം വ്യക്തമല്ല. എന്നാൽ റേഡിയേഷൻ ചോർച്ചയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും യുഎസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്ക് ആശ്വാസം പകരുന്നതാണ്. ചൈനയുടെ സൈനിക വളർച്ചക്ക് പ്രധാന ഘടകമായ അടുത്ത തലമുറ അന്തർവാഹിനികളുടെ ഗുണനിലവാരത്തിനെയും പ്രവർത്തന വിശ്വാസ്യതയേയും ഈ സംഭവം ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top