അന്യായമെന്ന് ഇന്ത്യ; കേന്ദ്രത്തിന്‌ സമന്‍സ് അയച്ച് അമേരിക്കന്‍ കോടതി; കാനഡക്ക് പിന്നാലെ…

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനിനെ അമേരിക്കയില്‍വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഇന്ത്യക്ക് സമൻസ് അയച്ച് യുഎസ് കോടതി. ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിലെ (റോ) മുൻ ഉദ്യോഗസ്ഥനായ വിക്രം യാദവ്, യുഎസിൽ താമസിക്കുന്ന ഖലിസ്ഥാനി ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ലക്ഷ്യമിട്ട് ഒരു സംഘത്തെ നിയോഗിച്ചു എന്നതാണ് കേസ്.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, റോ മുൻമേധാവി സാമന്ത് ഗോയൽ, റോ ഉദ്യോഗസ്ഥനായ വിക്രം യാദവ്, ഇന്ത്യൻ വ്യവസായി നിഖിൽ ഗുപ്ത എന്നിവർ21 ദിവസത്തിനകം മറുപടി നൽകണം എന്നാണ് ന്യൂയോർക്കിലെ ജില്ലാ കോടതിയുടെ നിർദ്ദേശം. ഒരു സിവിൽ കേസുമായി ബന്ധപ്പെട്ട് യുഎസ് കോടതി ഇന്ത്യൻ സർക്കാരിന് സമൻസ് അയച്ചത് തികച്ചും ന്യായമല്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഇത് അനാവശ്യമായ കേസാണ്, പന്നൂൻ ആരാണ് എല്ലാവർക്കും അറിയാം എന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി മാധ്യമങ്ങളുടെ ചോദ്യത്തിന് ഇന്ന് മറുപടി പറഞ്ഞത്. ഇന്ത്യ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു. ഈ വർഷം മെയ് മാസത്തിൽ ഇക്കാര്യം ഇന്ത്യ അന്വേഷിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയ്ശങ്കർ പറഞ്ഞിരുന്നു. എന്നാൽ ഇത് ഇന്ത്യ-യുഎസ് ബന്ധത്തിൽ വിള്ളൽ വീഴ്ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കില്ലെന്നാണ് ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി ഇന്ന് പ്രതികരിച്ചത്.

യുഎസിലും കാനഡയിലും ഇരട്ട പൗരത്വമുള്ള പന്നൂനിനെ കൊല്ലാനുള്ള ഗൂഢാലോചന അമേരിക്ക തകർത്തതായി നവംബറിൽ ബ്രിട്ടീഷ് പത്രമായ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ജോ ബൈഡൻ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ പിന്നീട് ഇത് സ്ഥിരീകരിച്ചു. ഗുര്‍പത്വന്ത് സിംഗ് പന്നൂനെ വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപിച്ച് യുഎസ് പ്രോസിക്യൂട്ടര്‍മാര്‍ നവംബറില്‍ മാന്‍ഹട്ടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇതെന്നും ആരോപിച്ചിരുന്നു. വിക്രം യാദവാണ് ഈ ഇന്ത്യൻ ഉദ്യോഗസ്ഥൻ എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.


വിവിധ തരത്തിലുള്ള രാജ്യവിരുദ്ധ പ്രവർത്തനങ്ങളിലും പങ്കു തെളിഞ്ഞതിനെ തുടർന്ന് 2020ൽ ഇന്ത്യ പന്നൂനിനെ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. പന്നൂനിൻ്റെ കൃഷിഭൂമിയും സർക്കാർ കണ്ടുകെട്ടി. പഞ്ചാബിൽ രാജ്യദ്രോഹവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിൽ ഉൾപ്പെടെ 22 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഗുർപത്വാന്ത് സിംഗ് പന്നൂന്‍. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഘടനവാദ സംഘടനയായ സിഖ് ഫോർ ജസ്റ്റിസിൻ്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് പന്നൂന്‍. സിഖുകൾക്ക് മാത്രമായി ഖലിസ്ഥാൻ എന്ന രാഷ്ട്രം രൂപീകരിക്കണമെന്നാണ് സംഘടനയുടെ ആവശ്യം. കൊല്ലപ്പെട്ട സീഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറുവുമായി ഇയാൾക്ക് ഏറ്റവും അടുത്ത് ബന്ധമുണ്ടായിരുന്നു.


ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചത് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധത്തിൽ വിളളൽ വീഴ്ത്തി. പിന്നാലെ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശവും കാനഡയുടെ പൗരന്മാർക്ക് വിസ നൽകുന്നതും ഇന്ത്യ നിർത്തിവെക്കുകയും ചെയ്തു. ഇന്ത്യയുടെ നയതന്ത്രപ്രതിനിധിയെ പുറത്താക്കികൊണ്ട് ആരോപണത്തിന് കാനഡ ബലം നൽകിയപ്പോൾ. കാനഡയുടെ പ്രതിനിധിയെ പുറത്താക്കി ഇന്ത്യയും തിരിച്ചടിച്ചിരുന്നു. കാനഡയുടെ ആരോപണം ബ്രിട്ടനുൾപ്പെടെയുളള രാജ്യങ്ങൾ എതിർത്തപ്പോൾ അവരെ പിന്തുണയ്ക്കുന്ന നിലപാടാണ് അമേരിക്ക സ്വീകരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top