‘മണിപ്പൂരിലെ കലാപ അതിക്രമങ്ങള്‍ ക്രൂരവും ഭയാനകവും’; ആശങ്കയറിയിച്ച് അമേരിക്ക

ന്യൂഡൽഹി: മണിപ്പൂരിൽ നിന്ന് പുറത്തുവരുന്ന ലൈംഗിക അതിക്രമ സംഭവങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി അമേരിക്ക. കുക്കി വിഭാഗത്തില്‍പ്പെട്ട യുവതികളെ നഗ്നരാക്കി പരേഡ് നടത്തുകയും, ലെെംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തെ ക്രൂരവും ഭയനാകവും എന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് വിശേഷിപ്പിച്ചത്. അതിക്രമത്തിന് വിധേയരായവരോട് അനുകമ്പ അറിയിച്ച അദ്ദേഹം പ്രദേശത്ത് സമാധാനം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് വേണ്ടിയും അഭ്യർത്ഥിച്ചു. അതേസമയം, ഇന്ത്യന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇതുവരെ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.
പൊലീസ് സ്ഥിരീകരണമനുസരിച്ച് മെയ് 4 നാണ് കേസിനാസ്പദമായ ലെെംഗികാതിക്രമം മണിപ്പൂരിലെ കാങ്പോ ജില്ലയില്‍ നടന്നത്. സംഭവത്തില്‍ മെയ് 18 ന് എഫ്‌ഐആർ ഫയൽ ചെയ്യപ്പെട്ടു എന്നാണ് റിപ്പോർട്ടെങ്കിലും, രണ്ട് മാസങ്ങള്‍ക്ക് ശേഷം ജൂലെെ 19 ന് സാമൂഹിക മാധ്യമങ്ങളിലൂടെ സംഭവത്തിന്റെ വീഡിയോ വൈറലായതിന് ശേഷമാണ് പൊലീസും സംസ്ഥാന സർക്കാരും നടപടിയിലേക്ക് നീങ്ങിയത്. നിലവില്‍ മുഖ്യ സൂത്രധാരനടക്കം ആറ് പ്രതികള്‍ പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.
കലാപമാരംഭിച്ച മെയ് 3 മുതൽ സംസ്ഥാനത്ത് അരങ്ങേറിയ സ്ത്രീകള്‍ക്കെതിരായ ഒന്നിലധികം അതിക്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെയ് അഞ്ചിന് ഇംഫാലില്‍ രണ്ട് സ്ത്രീകളെ അക്രമിസംഘം കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മറ്റൊരു സംഭവം ഇരകളുടെ കുടുംബം വെളിപ്പെടുത്തിയിട്ടുണ്ട്. കലാപം ആരംഭത്തിച്ച ശേഷം ഏകദേശം 150 ഓളം പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തെന്നാണ് ദി വയർ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ, മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി വിശാല പ്രതിപക്ഷ സഖ്യമായ I.N.D.I.A രംഗത്തെത്തി. പാർലമെന്റിന്‍റെ ഇരുസഭകളും പ്രതിപക്ഷ പ്രതിഷേധത്തില്‍ പ്രക്ഷുബ്ദമായി. പ്രധാനമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകാൻ ശ്രമിച്ചെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ചോദ്യോത്തര വേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ നിലപാടെടുത്തെങ്കിലും പ്രതിപക്ഷം വിസമ്മതിച്ചു. തുടർന്ന് ഇരു സഭകളും ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിർത്തിവച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here