ജോ ബൈഡനല്ല ഡോണൾഡ് ട്രംപ്; യുദ്ധത്തിനിടയിൽ യുക്രെയ്ന് അമേരിക്കയുടെ എട്ടിൻ്റെ പണി

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി യുക്രെയ്ന് നൽകുന്ന സഹായം അമേരിക്ക നിർത്തലാക്കി. ഇസ്രയേലും ഈജിപ്തും ഒഴികെയുള്ള രാജ്യക്കൾക്ക് നൽകുന്ന വിദേശഫണ്ടിലാണ് ഡോണൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് ശേഷം നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് യുദ്ധത്തിൽ നിർണായക സ്വാധീനം ചെലുത്തുമെന്നും യുക്രെയ്ന് തിരിച്ചടി ആകുമെന്നുമാണ് വിലയിരുത്തൽ.
ജോ ബൈഡൻ പ്രസിഡൻ്റായിരിക്കെ വന്‍തോതില്‍ സഹായങ്ങളും പിന്തുണയുമാണ് അമേരിക്ക യുക്രെയ്ന് നൽകിക്കൊണ്ടിരുന്നത്. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോയാണ് സഹായ ഫണ്ട് നിയന്ത്രണവുമായി ബന്ധപ്പെട്ട് നിർദേശം നൽകിയത്. വിദേശസഹായം നൽകുന്നത് വഴി പുതിയ ബാധ്യതകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
മൂന്ന് മാസത്തേക്കാണ് യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് സഹായങ്ങൾ നൽകുന്നത് നിർത്തിവച്ചിരിക്കുന്നത്. ഈ കാലയളവിന് ശേഷം സഹായം നൽകുന്നത് പുനസ്ഥാപിക്കണോ എന്നതിൽ തീരുമാനമുണ്ടാകും. വിവിധ ആരോഗ്യപദ്ധതികൾക്ക് നൽകുന്ന ഫണ്ട് ഉൾപ്പടെ ഇത്തരത്തിൽ നിർത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇസ്രയേലിനും ഈജിപ്തിനുമുള്ള അടിയന്തര ഭക്ഷ്യ-സൈനിക സഹായം യുഎസ് നിർത്തിയിട്ടില്ലെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിൽ നിന്നും ഏറ്റവും വലിയ സൈനിക സഹായം ലഭിക്കുന്ന രാജ്യങ്ങളാണ് ഇസ്രായേലും ഈജിപ്തും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here