ഇന്ത്യയെ പിണക്കിയ ബംഗ്ലാദേശിന് ട്രംപിൻ്റെ വക വമ്പൻ പണി; യുനസ് സർക്കാരിന് അമേരിക്ക നൽകിയിരുന്ന എല്ലാ സഹായങ്ങളും നിർത്തി
വിദേശരാജ്യങ്ങൾക്ക് നൽകിക്കൊണ്ടിരിക്കുന്ന സഹായങ്ങൾ നിർത്താനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനം ബംഗ്ലാദേശിനും തിരിച്ചടിയാകുന്നു. മുഹമ്മദ് യുനസിൻ്റെ ഇടക്കാല സര്‍ക്കാരിനുള്ള എല്ലാ സഹായവും നിര്‍ത്തിവയ്ക്കാന്‍ ട്രംപ് ഉത്തരവിട്ടു.
കോണ്‍ട്രാക്റ്റുകള്‍, ഗ്രാന്‍ഡുകള്‍, സഹകരണ കരാറുകള്‍ എന്നിവയെല്ലാം നിര്‍ത്താന്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) ബന്ധപ്പെട്ട അധികൃതർക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധിയെ തുടർന്നുണ്ടായ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ വലയുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടിയാണ് തീരുമാനം.
ഷെയ്ഖ് ഹസീന പ്രധാനമന്ത്രി പദം ഉപേക്ഷിച്ച് രാജ്യം വിട്ടതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശുമായി അത്ര നല്ല ബന്ധമല്ലുള്ളത്. മുഹമ്മദ് യുനസിൻ്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ചൈനയും പാകിസ്ഥാനുമായി കൂടുതൽ അടുക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് അമേരിക്കൻ സഹായം നിർത്തലാക്കി എന്ന വാർത്തയും പുറത്തു വരുന്നത്.
വിദേശരാജ്യങ്ങള്‍ക്കുള്ള എല്ലാ സഹായങ്ങളും മൂന്ന് മാസത്തേക്ക് മരവിപ്പിക്കുന്നതായി ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് ബംഗ്ലദേശിനെതിരായുള്ള അമേരിക്കൻ ഏജന്‍സിയുടെ നടപടി. ഉത്തരവിൽ പറഞ്ഞിരിക്കുന്ന കാലയളവിന് ശേഷം സഹായം നൽകുന്നത് പുനസ്ഥാപിക്കണോ എന്നതിൽ തീരുമാനമുണ്ടാകും. വിദേശ രാജ്യങ്ങൾക്ക് വിവിധ ആരോഗ്യപദ്ധതികൾക്ക് നൽകുന്ന ഫണ്ട് ഉൾപ്പടെ ഇത്തരത്തിൽ നിർത്തലാക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യയുമായി യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി യുക്രെയ്ന് നൽകുന്ന സഹായം നിർത്തലാക്കിയതായും അമേരിക്ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ജോ ബൈഡൻ പ്രസിഡൻ്റായിരിക്കെ വന്‍തോതില്‍ സഹായങ്ങളും പിന്തുണയുമാണ് അമേരിക്ക യുക്രെയ്ന് നൽകിക്കൊണ്ടിരുന്നത്. അതേസമയം ഇസ്രയേലിനും ഈജിപ്തിനുമുള്ള അടിയന്തര ഭക്ഷ്യ-സൈനിക സഹായം യുഎസ് നിർത്തിയിട്ടില്ല. അമേരിക്കയിൽ നിന്നും ഏറ്റവും വലിയ സൈനിക സഹായം ലഭിക്കുന്ന രാജ്യങ്ങളാണ് ഇസ്രായേലും ഈജിപ്തും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here