ട്രംപ് -കമല ആദ്യ സംവാദം ഇന്ന്; ജയം ആര്‍ക്ക്; ഉറ്റുനോക്കി യുഎസ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കമലാഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആദ്യ ടെലിവിഷൻ സംവാദം ഇന്ന് നടക്കും. എബിസി ടെലിവിഷൻ ചാനലാണ് സംഘാടകർ. ഫിലഡൽഫിയയിലെ നാഷണൽ കോൺസ്റ്റിറ്റ്യൂഷൻ സെന്ററിലാണ് സംവാദം. നവംബർ അഞ്ചിനാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
ട്രംപും ജോ ബൈഡനും തമ്മിലുള്ള സംവാദമാണ് നടക്കേണ്ടിയിരുന്നത്. നാടകീയമായി ബൈഡന്‍ പിന്മാറിയതോടെയാണ് പകരം ഡെമോക്രാറ്റിക് പാർട്ടി കമലയെ തിരഞ്ഞെടുത്തത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാര്‍ത്ഥി ആദ്യം മുതല്‍ ട്രംപ് തന്നെയായിരുന്നു. അഭിപ്രായ സര്‍വേകളില്‍ ബൈഡന്‍ പിന്നില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം മാറുകയും കമല വരുകയും ചെയ്തത്. ഇത് ഡെമോക്രാറ്റിക് പാർട്ടിക്ക് പുതിയ ഊര്‍ജം നല്‍കിയിരുന്നു.
ഏറ്റവും പുതിയ അഭിപ്രായസർവേകളിൽ ട്രംപും കമലയും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ന്യൂയോർക്ക് ടൈംസ് സർവേയിൽ ട്രംപിനെ 48 ശതമാനംപേർ പിന്തുണയ്ക്കുമ്പോൾ കമലയ്ക്ക് 47 ശതമാനം വോട്ടു കിട്ടി.കമലയെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു എന്നാണ് കൂടുതല്‍ പേരുടെ അഭിപ്രായം.സിബിഎസ്ന്യൂസ് സര്‍വെയില്‍ മിഷിഗനിലും വിസ്‌കോൺസിനിലും കമലയ്ക്ക് ട്രംപിനെക്കാൾ ഒരുശതമാനം വോട്ടിന്റെ ലീഡുണ്ട്. പെൻസിൽവേനിയയിൽ ഇരുവരും ഒപ്പത്തിനൊപ്പമാണ്. സംവാദത്തില്‍ ആര് ജയിക്കും എന്നതില്‍ യുഎസില്‍ കനത്ത ആകാംക്ഷ നിറഞ്ഞ് നില്‍ക്കുന്നുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here