കോർപറേറ്റ് ജോലി വിട്ട് പൂ കച്ചവടം തുടങ്ങി; 29 കാരിയുടെ ഒരു മാസത്തെ സമ്പാദ്യം 13 ലക്ഷം
കോർപറേറ്റ് ജോലി വിട്ട് പൂ കച്ചവടം തുടങ്ങിയ 29 കാരി ഒരു മാസം സമ്പാദിക്കുന്നത് 13 ലക്ഷം. യുഎസിലാണ് സംഭവം. ഒരു മാറ്റം ആവശ്യമായതിനാലാണ് ന്യൂയോർക്ക് സിറ്റിയിലെ കോർപറേറ്റ് ജോലി ഉപേക്ഷിച്ചതെന്ന് വിയന്ന ഹിന്റ്സെ സിഎൻബിസി മേക്ക് ഇറ്റ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
24-ാം വയസിൽ വിയന്ന സ്വന്തമായി ഒരു ഡിജിറ്റൽ മാർക്കറ്റിങ് ഏജൻസി ആരംഭിച്ചു. ലൊസാഞ്ചൽസിലേക്ക് മാറിയെങ്കിലും കാര്യങ്ങൾ വിചാരിച്ചപോലെ നടന്നില്ല. ഒടുവിൽ വിയന്ന ഒരു തെറാപ്പിസ്റ്റിനെ സന്ദർശിച്ചു. താൻ ജോലിയിൽനിന്നും ആഗ്രഹിക്കുന്നത് എന്തൊക്കെയാണെന്ന് ഒരു ലിസ്റ്റ് തയ്യാറാക്കാൻ അവർ ആവശ്യപ്പെട്ടു. തന്റെ സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യാനും ആളുകളുമായി ഇടപഴകാനും ആഗ്രഹിക്കുന്നുവെന്നും ഒരു പഴയ പിക്കപ്പ് ട്രക്ക് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്നും വിയന്ന എഴുതി. അതു കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം, മെയിൻ സ്ട്രീറ്റ് ഫ്ലവർ ട്രക്ക് എന്ന പേരിൽ സ്വന്തമായി പൂ കച്ചവടം തുടങ്ങാൻ അവൾ തീരുമാനിച്ചു.
2023 ഓഗസ്റ്റിലാണ് കച്ചവടം തുടങ്ങിയത്. ബിസിനസിൽ നിന്ന് ഏകദേശം 44,000 ഡോളർ (ഏകദേശം 36 ലക്ഷം രൂപ) വരുമാനവും, 4,500 ഡോളർ (3.7 ലക്ഷം രൂപ) അധികമായി ലഭിച്ചുവെന്നും ഹിന്റ്സെ വെളിപ്പെടുത്തി. 2024 മേയ് മാസത്തിൽ മാത്രം 13 ലക്ഷം രൂപയാണ് സമ്പാദ്യം. സന്തോഷത്തോടെയാണ് നിങ്ങൾ ജീവിക്കുന്നതെങ്കിൽ പണം നിങ്ങളെ തേടിവരുമെന്നാണ് ഹിന്റ്സെ പറയുന്നത്.
പൂക്കളുടെ സീസണൽ സമയത്ത് ചില മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ പണം സമ്പാദിക്കാറുണ്ടെന്നും അവൾ പറഞ്ഞു. മാതാപിതാക്കളിൽനിന്നുമാണ് വിയന്നയ്ക്ക് ഫ്ലവർ ട്രക്ക് ബിസിനസ് തുടങ്ങാൻ ആശയം കിട്ടിയത്. മുൻ അഗ്നിശമന സേനാംഗമായ തന്റെ പിതാവ് ഒരു പിക്കപ്പ് ട്രക്കിൽ ജോലിക്ക് പോകാറുണ്ടായിരുന്നു, അമ്മയ്ക്ക് ഗാർഡനിങ് ഇഷ്ടമായിരുന്നുവെന്നും അവൾ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here