സിഎഎക്കെതിരെ അമേരിക്കയും യുഎന്നും; വിവേചന സ്വഭാവമുള്ള നിയമത്തില്‍ ആശങ്കയെന്ന് പ്രതികരണം; അന്താരാഷ്ട്ര മാധ്യമങ്ങളിലും വിമര്‍ശനം

വാഷിംഗ്ടണ്‍: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭേദഗതി നിയമത്തില്‍ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയും അമേരിക്കയും രംഗത്ത് വന്നു. അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ് നിയമമെന്നാണ് യുഎന്നിന്റെ നിലപാട്.
പൗരത്വഭേദഗതി നിയമം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണം. വിവേചനപരമായ സ്വഭാവമാണ് നിയമം കാണിക്കുന്നതെന്നും യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസ് വക്താവ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. നിയമത്തെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും ഹൈക്കമ്മീഷണറുടെ ഓഫീസ് ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്.
‘2019ല്‍ പറഞ്ഞതു പോലെ, ആശങ്കയുണ്ട്. കാരണം സിഎഎ അടിസ്ഥാനപരമായി വിവേചന സ്വഭാവമുള്ളതാണ്. അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ പാലിക്കേണ്ട മനുഷ്യാവകാശ ബാധ്യതകളുടെ ലംഘനമാണ്’ യു.എന്‍ വക്താവ് പറഞ്ഞു. മാര്‍ച്ച് 11ലെ സിഎഎ വിജ്ഞാപനത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് യു.എസ് വിദേശകാര്യ വക്താവും റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി.
മതാടിസ്ഥാനത്തില്‍ പൗരത്വം നല്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ അതിരൂക്ഷമായാണ് വിദേശ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള മോദിയുടെ ശക്തമായ ചുവട്‌വെയ്പാണ് പുതിയ പൗരത്വ ദേദഗതി നിയമമെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here