ആ 5000 കോടിയുടെ നിക്ഷേപകൻ ഷിജു എം വർഗീസ് എവിടെ? ആഗോള മുതലാളിയുടെ ആസ്തി വെറും 10,000 രൂപ!! ഒരു ക്രൈംത്രില്ലർ നിക്ഷേപകഥ

ഏത് വിധേനയും നാട്ടിൽ നാല് വ്യവസായം കൊണ്ടുവന്ന് ഇതുവരെയുള്ള വികസന വിരുദ്ധ പ്രതിഛായ തിരുത്താനുള്ള തത്രപ്പാടിലാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പിന്നെ മന്ത്രി പി രാജീവും. കൊച്ചിയിൽ രണ്ടു ദിവസമായി നടക്കുന്ന ഇൻവെസ്റ്റ് മീറ്റ് അതിനുള്ള വലിയൊരു കാൽവയ്പ്പാണ്. ഈ സാഹചര്യത്തിൽ എടുത്തുപറയേണ്ട ഒന്നാണ് അഞ്ചുകൊല്ലം മുമ്പ് ഒന്നാം പിണറായി സർക്കാർ കൊച്ചിയിൽ നടത്തിയ ‘അസെൻഡ് കേരള’ ആഗോള വ്യസായ സംഗമം.
‘അസെൻഡ് കേരള’യിൽ 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധന സംരംഭത്തിന് കരാർ ഒപ്പുവെച്ച ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ മുതലാളിയാണ് കൊച്ചിക്കാരനായ ഷിജു എം വർഗീസ്. കോട്ടും സ്യൂട്ടുമിട്ട് അമേരിക്കയിൽ നിന്ന് പറന്നിറങ്ങി മുഖ്യമന്ത്രിക്കൊപ്പം ചായ കുടിച്ചും ചാറ്റുചെയ്തും വമ്പൻ കരാറിൽ ഒപ്പിട്ട ഈ മുതലാളി ഒടുക്കം ബോംബുകേസിൽ പ്രതിയായി ജയിലിലായത് സമീപകാല ചരിത്രമാണ്. നിക്ഷേപകനായെത്തി, വ്യവസായ കേരളത്തിൽ ജയിൽപുള്ളിയായി ഒടുങ്ങിയ സംരംഭകൻ്റെ കഥ ഒന്നാന്തരം ക്രൈം തില്ലറായും വായിക്കാം.
2020 ജനുവരി 10, 11 തീയതികളിലാണ് കൊച്ചിയിൽ അസെൻഡ് സംഗമം നടന്നത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലാവധി തീരാൻ ഒന്നേകാൽ വർഷം മാത്രം ബാക്കിനിൽക്കെയാണ് ഈ പൊടിപൂരം നടത്തിയത്. ഒരുലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചുവെന്ന് മുഖ്യമന്ത്രി രണ്ടാം ദിനം വേദിയിൽ പ്രഖ്യാപിച്ചു. മാധ്യമങ്ങൾ വെണ്ടക്ക തലക്കെട്ടിൽ വാർത്ത നല്കി. ആ ഒരുലക്ഷം കോടിയിലെ 5000 കോടി നിക്ഷേപം അമേരിക്കയിൽ നിന്നെത്തി അസെൻഡിൽ പങ്കെടുത്ത ഇഎംസിസി എന്ന കമ്പനിയുടേതായിരുന്നു.

ഇഎംസിസി ഇൻ്റർനാഷണൽ (ഇന്ത്യ)പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനും (KSINC)തമ്മിൽ 5000 കോടിയുടെ നിക്ഷേപ സംരംഭത്തിനുള്ള കരാർ ഒപ്പുവെച്ചു. സർക്കാരിന് വേണ്ടി കെഎസ്ഐഎൻസി ചെയർമാനും മുൻ ചീഫ് സെക്രട്ടറിയുമായ ടോം ജോസും ഷിജു എം വർഗീസുമാണ് ഒപ്പു വെച്ചത്. ഇതിൻ്റെ ഭാഗമായി ഇഎംസിസിക്ക് ചേർത്തലയിൽ 4 ഏക്കർ ഭൂമിയും അനുവദിച്ചു. സംഭവമെല്ലാം ജഗപൊകയായി നടന്നു. ഈ കരാർ ഒപ്പിട്ടത് സർക്കാർ വലിയ തോതിൽ ആഘോഷിച്ചു. എന്നാലീ കരാറിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തിയതോടെ ആകെ കുഴഞ്ഞുമറിഞ്ഞു. കമ്മീഷൻ തട്ടാനുള്ള തട്ടിക്കൂട്ട് ഇടപാടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഒപ്പം ആഴക്കടൽ മത്സ്യബന്ധനത്തിന് എതിരെ മത്സ്യത്തൊഴിലാളി സംഘടനകളും പ്രതിഷേധവുമായി വന്നു.
ഇങ്ങനെയൊരു കരാറേ ഇല്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ നിലപാടെടുത്തു. ഇതോടെ ഷിജു എം വർഗീസ് മന്ത്രിയുമായി അമേരിക്കയിലും, പിന്നെ മന്ത്രിയുടെ ഓഫീസിലും വെച്ച് ചർച്ച നടത്തുന്ന പടം സഹിതം രേഖകൾ ഒട്ടും മേഴ്സിയില്ലാതെ ചെന്നിത്തല പുറത്തുവിട്ടു. താൻ ക്ലിഫ് ഹൗസിൽ പോയി മുഖ്യമന്ത്രിയുമായും ചർച്ച നടത്തിയിട്ടുണ്ടെന്ന് ഷിജുവും അവകാശപ്പെട്ടു. വ്യവസായമന്ത്രി ഇ പി ജയരാജനുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും അയാൾ പറഞ്ഞതോടെ സർക്കാർ വെട്ടിലായി. കരാർ സംബന്ധിച്ച സകല രേഖകളും ചെന്നിത്തല പുറത്തുവിട്ടതോടെ സർക്കാരിന് നിൽക്കള്ളിയില്ലാതായി.

400 ആഴക്കടൽ ട്രോളറുകളും 5 ആഴക്കടൽ മത്സ്യബന്ധനക്കപ്പലുകളും 7 മത്സ്യബന്ധ നതുറമുഖങ്ങളും, സംസ്ക്കരണ പ്ലാന്റും സംബന്ധിച്ച വ്യവസ്ഥകൾ ധാരണാപത്രത്തിൽ രേഖപ്പെടുത്തിയിരുന്നു. സംസ്ഥാന സർക്കാരിന്റെ കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനുമായി ഇഎംസിസി 2021 ഫെബ്രുവരി രണ്ടിന് കരാർ ഒപ്പിടുന്നു. ഇത്രയും കാര്യങ്ങൾ നടന്നു കഴിഞ്ഞിരുന്നു. എന്നിട്ടും ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ആവർത്തിച്ച് പറഞ്ഞത് ഒരു പദ്ധതിയുമില്ല, ഞങ്ങളൊന്നും അറിഞ്ഞില്ല എന്നൊക്കെയായിരുന്നു. ഇതെല്ലാം പൊളിഞ്ഞ് വിവാദം കൊഴുത്തതോടെ സർക്കാർ കരാറിൽ നിന്ന് പിൻമാറുകയാണ് ഉണ്ടായത്.

ഇതിനിടയിൽ ഷിജു എം വർഗീസ് അമേരിക്കയിൽ അല്ലറ ചില്ലറ തരികിടയുമായി നടക്കുന്ന ആളാണെന്നും ഇതൊരു തട്ടിപ്പ് തട്ടിക്കൂട്ട് കമ്പനിയാണെന്നുമുള്ള കഥകൾ പരന്നു. ഇയാൾ സ്ഥിര വരുമാനം പോലുമില്ലാത്ത മലയാളിയാണെന്നും ചിലർ പ്രചരിപ്പിച്ചു. കൊച്ചിയിൽ വെറുമൊരു തട്ടിക്കൂട്ട് ഓഫീസും ഒരു ബോർഡും മാത്രമാണ് ഈ ആഗോള ഭീമൻ കമ്പനിക്ക് ഉണ്ടായിരുന്നത്. സർക്കാർ കരാറിൽ നിന്ന് പിൻമാറിയതോടെ ഷിജുവിൻ്റെ കട്ടയും പടവും മടങ്ങി. തന്നെ പറ്റിച്ച സർക്കാരിനേയും തള്ളിപ്പറഞ്ഞ മന്ത്രി മേഴ്സിക്കുട്ടിയമ്മയേയും പാഠം പഠിപ്പിക്കാൻ ഷിജു തീരുമാനിച്ചു.

അങ്ങനെയാണ് 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മേഴ്സിക്കുട്ടിയമ്മക്കെതിരെ കുണ്ടറയിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ (Democratic Social Justice Party) സ്ഥാനാർത്ഥിയായി മത്സരത്തിന് ഇറങ്ങുന്നത്. 5000 കോടിയുടെ സംരംഭത്തിന് സർക്കാരുമായി ഒപ്പിട്ട ആഗോള ഭീമൻ കമ്പനിയുടെ ഉടമയും സിഇഒയുമായ ഷിജു എം വർഗീസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ സത്യവാങ് മൂലം കണ്ട് മേഴ്‌സിക്കുട്ടിയമ്മ അടക്കം നാട്ടുകാരെല്ലാം ഞെട്ടി. വെറും 10,000 (പതിനായിരം) രൂപയാണ് ഈ ശതകോടീശ്വരൻ മുതലാളിയുടെ ആകെ മൊത്തം ടോട്ടൽ ആസ്തി. കേട്ടവർ മൂക്കത്ത് വിരൽ വെച്ചുപോയി. സർക്കാരിന് വീണ്ടും തലവേദനയായി. 10,000 രൂപ കയ്യിൽവച്ച് നടക്കുന്നവനുമായാണോ 5000 കോടിയുടെ കരാർ ഒപ്പിട്ടതെന്ന് തിരഞ്ഞെടുപ്പ് കാലത്ത് ജനം ചോദിക്കുന്ന സ്ഥിതിയായി.

പിന്നെ നടന്നതെല്ലാം ട്വിസ്റ്റോട് ട്വിസ്റ്റ്!! മേഴ്സിക്കുട്ടിയമ്മയുടെ കുറ്റിപറിക്കാനുറച്ച മുതലാളി കുണ്ടറയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു. ഒടുവിൽ വോട്ടെടുപ്പ് ദിവസം വന്നെത്തി. 2021 ഏപ്രിൽ ആറ് (6) ചൊവ്വാഴ്ച അതിരാവിലെ കുണ്ടറ നിയമസഭ മണ്ഡലം പരിധിയിൽ ഉൾപ്പെട്ട കണ്ണനല്ലൂർ കുരീപ്പളളി റോഡിൽ വെച്ച് ഷിജു സഞ്ചരിച്ച കാറിന് നേരെ അജ്ഞാതർ കാറിൽ വന്ന് പെട്രോൾ ബോംബ് എറിഞ്ഞതായി വാർത്ത പരക്കുന്നു. തന്നെ കൊല്ലാൻ സിപിഎം നടത്തിയ ശ്രമമാണെന്ന് തിരഞ്ഞെടുപ്പ് ദിനം രാവിലെ മുതൽ ചാനലുകളിലെല്ലാം സ്ഥാനാർത്ഥിയുടെ പ്രചാരണം. പോലീസ് കൊണ്ടുപിടിച്ച അന്വേഷണവും തുടങ്ങി.
പരാതിക്കാരൻ്റെ മൊഴികളിൽ തുടക്കം മുതൽ തന്നെ പൊരുത്തക്കേടുകൾ പോലീസിന് തോന്നി. വളരെ പെട്ടെന്ന് തന്നെ കള്ളിവെളിച്ചത്തായി. വാദി തന്നെ പ്രതിയായി. പരാതിപ്രകാരം നരഹത്യാ ശ്രമം, ലഹളക്കുള്ള ശ്രമം, ആയുധ നിയമം എന്നിവയെല്ലാം ചേർത്ത് റജിസ്റ്റർ ചെയ്ത കേസിൽ പോലീസ് ഒടുവിൽ ഷിജുവിനെ തന്നെ പ്രതിചേർത്തു. ഇതോടെ മുങ്ങിയ മുതലാളിയെ ഒടുവിൽ ഗോവയിൽ നിന്ന് പോലീസ് പൊക്കി. ഒന്നര മാസത്തോളം ജയിലിൽ കിടന്നു. സ്വന്തം കാർ ബോംബെറിഞ്ഞ് തകർത്ത് ഡ്രൈവറെ കൊലപ്പെടുത്തുകയും അതുവഴി മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ ജനവികാരം ഉണ്ടാക്കുകയുമായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്ന് കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു. എന്തായാലും കാര്യം സാധിച്ചു, കുണ്ടറയിൽ മേഴ്സിക്കുട്ടിയമ്മ പൊട്ടി.

പിന്നീടൊരിടത്തും പൊതുവേദികളിൽ ഈ മുതലാളിയെ കണ്ടിട്ടില്ല. കേസും അറസ്റ്റുമെല്ലാമായി കുരുങ്ങിയതോടെ അമേരിക്കയിലേക്ക് തിരിച്ചു പോകാനാവാതെ ഷിജു നാട്ടിലുണ്ടെന്നും പുതിയ തട്ടിപ്പുകൾക്ക് അരങ്ങൊരുക്കുന്നു എന്നുമെല്ലാം കിംവദന്തികൾ പരക്കുന്നുണ്ട്. ഏതായാലും ഈ നിക്ഷേപ സംഗമകാലത്ത് ഷിജുവിൻ്റെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here