യുഎസിനെ ഞെട്ടിച്ച് നോറോവൈറസ് പടരുന്നു; എന്തുകൊണ്ട് ഈ വ്യാപനം; എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കാം
വയറിലെ അണുബാധയായ നോറോവൈറസ് യുഎസില്‍ ആശങ്കയുണ്ടാക്കുന്നവിധം പടരുന്നു. ഡിസംബർ ആദ്യവാരം 90ലധികം കേസുകളാണ് രേഖപ്പെടുത്തിയത്. ഈ മാസം ലോസ് ആഞ്ചല്‍സില്‍ വിളമ്പിയ മുത്തുച്ചിപ്പി കഴിച്ച് 80 പേരെങ്കിലും രോഗബാധിതരായി. ഇത് തിരിച്ചുവിളിക്കും മുന്‍പ് 14 യുഎസ് സംസ്ഥാനങ്ങളിൽ വിറ്റിരുന്നു. ഇവിടെയൊക്കെ രോഗം പടരാന്‍ ഇടയായി.
ഇന്ത്യയില്‍ നോറോവൈറസ് കേരളത്തിലുള്ളവരെ ബാധിച്ചിട്ടുണ്ട്. രോഗത്തെക്കുറിച്ചും അതിൻ്റെ ലക്ഷണങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും ചികിത്സയെക്കുറിച്ചും അറിയേണ്ടതുണ്ട്.
എന്താണ് നോറോവൈറസ്, അത് എങ്ങനെ പടരുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. പകർച്ചവ്യാധിയായ വൈറസാണിത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെ ഇത് പകരാം. വയറിളക്കമാണ് പ്രധാന ലക്ഷണം. പ്രായഭേദമന്യേയാണ് ഇത് ആളുകളെ ബാധിക്കുന്നത്.
പ്രാരംഭ ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമാണ്, ഇത് വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുന്നു. രോഗികൾക്ക് ഓക്കാനം അനുഭവപ്പെടുകയും വയറുവേദന, പനി, തലവേദന, ശരീരവേദന എന്നിവ അനുഭവപ്പെടുകയും ചെയ്യുന്നു. ചില സന്ദർഭങ്ങളിൽ നിർജ്ജലീകരണം സംഭവിച്ചേക്കാം.
ഒരാൾക്ക് ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം. ഹാൻഡ് സാനിറ്റൈസറുകൾ പോലുള്ള നിരവധി അണുനാശിനികള്‍ ഉപയോഗിക്കാം. 60 ഡിഗ്രി സെൽഷ്യസ് വരെ ചൂടിനെ നേരിടാന്‍ വൈറസിന് കഴിയും. അതുകൊണ്ട് ഭക്ഷണം ആവിയിൽ വേവിക്കുകയോ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയോ ചെയ്യുന്നത് കാരണം വൈറസ് നശിക്കില്ല. ഡയപ്പറുകൾ മാറ്റിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈകൾ വീണ്ടും വീണ്ടും കഴുകുക. ഭക്ഷണം കഴിക്കുന്നതിനോ തയ്യാറാക്കുന്നതിനോ മുമ്പായി കൈകൾ നന്നായി കഴുകണം.
രോഗം ബാധിച്ചവർ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കണം. രോഗം അവസാനിച്ചതിന് ശേഷം രണ്ട് ദിവസത്തേക്ക് മറ്റുള്ളവർക്ക് ഭക്ഷണം തയ്യാറാക്കുന്നത് ഒഴിവാക്കണമെന്ന് യുഎസ് സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ നിർദ്ദേശിക്കുന്നു. സാധാരണയായി രണ്ടോ മൂന്നോ ദിവസം മാത്രമേ രോഗം നീണ്ടുനിൽക്കൂ. ശാരീരിക വിഷമതകള്‍ ഇല്ലാത്തവര്‍ക്ക് മതിയായ വിശ്രമവും വെള്ളവും മരുന്നും കഴിച്ച് രോഗവിമുക്തി നേരിടാന്‍ കഴിയും രോഗത്തിന് വാക്സിനുകളൊന്നും ലഭ്യമല്ല.
ക്രൂയിസ് കപ്പലുകൾ, നഴ്സിംഗ് ഹോമുകൾ, ഡോർമിറ്ററികൾ, മറ്റ് അടച്ച ഇടങ്ങൾ എന്നിവിടങ്ങളിൽ രോഗത്തിന്റെ സാന്നിധ്യമുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ 200 ദശലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പ്രതിവർഷം 685 ദശലക്ഷം നോറോവൈറസ് കേസുകൾ കാണപ്പെടുന്നുണ്ട്. യുഎസിലെ ഭക്ഷ്യജന്യ രോഗങ്ങളുടെ പ്രധാന കാരണം നോറോവൈറസാണ് എന്ന് യുഎസ് സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ വെബ്‌സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ഇത് രാജ്യത്തെ ഭക്ഷ്യജന്യരോഗങ്ങളിൽ 58 ശതമാനത്തിന് കാരണമാകുന്നു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here