ഹേമ കമ്മിഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും; നടപടികൾ തുടങ്ങി സാംസ്കാരിക വകുപ്പ്

സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് ശനിയാഴ്ച പുറത്തുവിടും. റിപ്പോർട്ട് പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തിയ ഹർജി കഴിഞ്ഞയാഴ്ച തളളിയിരുന്നു. കോടതി ഉത്തരവിൻ്റെ പകർപ്പ് സംസ്ഥാന സർക്കാരിന് ലഭിച്ചു. തുടർന്നാണ് റിപ്പോർട്ട് പുറത്തുവിടാൻ സാംസ്കാരിക വകുപ്പ് വീണ്ടും നടപടികള്‍ ആരംഭിച്ചത്. കോടതി നിർദേശങ്ങൾ പാലിച്ച് റിപ്പോർട്ടിലെ 266 പേജുകളാണ് പുറത്തുവിടുന്നത്.
വിവരാവകാശ കമ്മിഷൻ്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് പുറത്തുവിടണം എന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. റിപ്പോർട്ട് പരസ്യമാക്കിയാല്‍ കമ്മിഷനോട് വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് അപകടം ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. എന്നാലിത് നിയമപരമായി നിലനിൽക്കില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു. വിവരാവകാശ കമ്മിഷൻ്റെ ഉത്തരവ് പ്രകാരം റിപ്പോർട്ട് പരസ്യമാക്കാനിരുന്ന ദിവസമാണ് സിനിമാ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് റിപ്പോർട്ട് പുറത്തു വിടുന്നത് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു.
സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാൻ ഇന്ത്യയിൽ ആദ്യമായി രൂപീകരിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മിഷന്‍. മുൻ ഹൈക്കോടതി ജഡ്ജി കെ.ഹേമ, നടി ശാരദ, റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ കെ.ബി.വത്സലകുമാരി എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപമെടുത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷൻ രൂപീകരിച്ചത്. 2019 ഡിസംബറിൽ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.
എന്നാൽ കമ്മിഷനോട് വിവരങ്ങൾ പങ്കുവച്ചവരുടെ സ്വകാര്യതയെ മാനിച്ച് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവരാവകാശ കമ്മിഷനിലെത്തിയ അപേക്ഷകളെ തുടർന്ന് കമ്മിഷൻ്റെ ഇടപെടലിലാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ സമ്മതിച്ചത്. സ്വകാര്യതയെ ബാധിക്കാനിടയുള്ള ഭാഗങ്ങൾ ഒഴിവാക്കി ബാക്കി ഭാഗങ്ങൾ അപേക്ഷകർക്ക് നൽകാം എന്നായിരുന്നു ധാരണ. ഇതിന് തൊട്ടുമുൻപ് ഹൈക്കോടതിയലെത്തിയ ഹർജിയെ തുടർന്നാണ് നടപടികൾ വീണ്ടും തടസപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here