ചാരക്കേസില്‍ അറസ്റ്റിലായ ആള്‍ ജഡ്ജിയാകുന്നു; പ്രദീപ് കുമാറിന്റേത് തീര്‍ത്തും വ്യത്യസ്തമായ ജീവിതകഥ
ചാരവൃത്തിക്കേസില്‍ അറസ്റ്റിലായ ഒരാള്‍ ജഡ്ജിയാകുന്നു. യുപി കാൺപൂരിലുള്ള പ്രദീപ് കുമാര്‍ (46) ആണ് ഇനി ജഡ്ജിയായി നിയമിതനാകുക. പ്രദീപിന് ജഡ്ജിയായി നിയമനക്കത്ത് നല്‍കാന്‍ കഴിഞ്ഞയാഴ്ച അലഹബാദ് ഹൈക്കോടതി ഉത്തർപ്രദേശ് സർക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.
2002ലാണ് ഇയാള്‍ക്ക് എതിരെ കേസ് വന്നത്. നിയമ ബിരുദധാരിയായ പ്രദീപ് പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്ന ആരോപണമാണ് ഉയര്‍ന്നുവന്നത്. രാജ്യദ്രോഹം, ക്രിമിനൽ ഗൂഢാലോചന, ഔദ്യോഗിക രഹസ്യ നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവയാണ് ചുമത്തപ്പെട്ടത്. രണ്ട് തവണ വിചാരണയും ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു.
2002 ജൂൺ 13 ന് എസ്ടിഎഫും മിലിട്ടറി ഇൻ്റലിജൻസും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.പ്രദീപ് ആ ഘട്ടത്തില്‍ ജോലി ഇല്ലാത്ത അവസ്ഥയിലായിരുന്നു. ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തുന്ന ഫൈസാൻ ഇല്ലാഹി എന്നയാളുമായി പ്രദീപ് ബന്ധപ്പെട്ടു. സൈനിക വിവരങ്ങള്‍ നല്‍കിയാല്‍ പണം നല്‍കും. ഫോണില്‍ ഈ വിവരങ്ങള്‍ നല്‍കണം എന്നാണ് ഇയാളോട് ആവശ്യപ്പെട്ടത്. ഈ പണത്തിന് പകരമായി കാൺപൂർ സൈനിക കേന്ദ്രത്തിലെ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ് റിപ്പോർട്ട്.
എന്നാല്‍ 2014ല്‍ കാണ്‍പൂര്‍ കോടതി ഇയാളെ കുറ്റവിമുക്തനാക്കി. ചാരക്കേസില്‍ തെളിവില്ല. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. എന്നാണ് കോടതി വിധിച്ചത്. രണ്ട് വർഷത്തിന് ശേഷം 2016 ലെ യുപി ഹയർ ജുഡീഷ്യൽ സർവീസ് (ഡയറക്ട് റിക്രൂട്ട്‌മെൻ്റ്) പരീക്ഷ പ്രദീപ് എഴുതി. മെറിറ്റ് ലിസ്റ്റിൽ 27-ാം സ്ഥാനം നേടി.
2017 ഓഗസ്റ്റ് 18 ന്, തിരഞ്ഞെടുക്കപ്പെട്ട മറ്റ് ഉദ്യോഗാർത്ഥികൾക്കൊപ്പം അദ്ദേഹത്തിൻ്റെ നിയമനവും ഹൈക്കോടതി ശുപാർശ ചെയ്തു. എന്നാൽ, പ്രദീപിന് സര്‍ക്കാര്‍ നിയമന കത്ത് നൽകിയില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. 2017 ഓഗസ്റ്റിൽ തീരുമാനം എടുക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹര്‍ജിക്കാരന്‍റെ നിയമനവുമായി ബന്ധപ്പെട്ട ശുപാർശയിൽ വരുത്തിയ കാലതാമസത്തിനും ഉദാസീന മനോഭാവത്തിനും സംസ്ഥാനത്തിന് 10 ലക്ഷം രൂപ പിഴയും ചുമത്തി. കോടതി കുറ്റവിമുക്തനാക്കിയ ആളാണ്. നിരപരാധിയായ ഒരു പൗരനെ വീണ്ടും ശിക്ഷിക്കുക നീതിയല്ല. അത് നിയമവാഴ്ചക്കെതിരാകും. കോടതി പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ പിന്നേയും നിയമനം നീട്ടിക്കൊണ്ടുപോയി. നിയമിക്കാന്‍ കഴിയില്ലെന്ന് ഉത്തരവിറക്കി. ഇതോടെ 2019ലെ സർക്കാര്‍ ഉത്തരവ് റദ്ദാക്കാനും യുപി ഹയർ ജുഡീഷ്യൽ സർവീസിൽ അഡീഷണൽ ജില്ലാ ജഡ്ജിയായി നിയമനം നടത്താനും ആവശ്യപ്പെട്ട് കുമാർ അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹർജി നല്‍കി. അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാർ ഉത്തരവ് റദ്ദാക്കി. നിലവിലുള്ള ഒഴിവുകളിൽ പ്രദീപിനെ നിയമിക്കണമെന്ന് ഉത്തരവ് ഇടുകയും ചെയ്തു. 2025 ജനുവരി 15-ന് ശേഷം അപേക്ഷകന് നിയമന കത്ത് നല്‍കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here