കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ഇനി ചെയ്യില്ലെന്ന് വി.ഡി.സതീശന്‍; വാക്കുകള്‍ ആര്യാടന്‍ മുഹമ്മദ് പുരസ്ക്കാരം സ്വീകരിച്ചുള്ള പ്രസംഗത്തില്‍
മലപ്പുറം: ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും ഞാന്‍ ഇനി ചെയ്യില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മലപ്പുറം ഡിസിസി നിലമ്പൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രഥമ ആര്യാടന്‍ മുഹമ്മദ് പുരസ്ക്കാരം കെ.സി.വേണുഗോപാലില്‍ നിന്നും ഏറ്റുവാങ്ങവേയാണ് സമീപകാല കോണ്‍ഗ്രസ് പ്രശ്നങ്ങളെക്കുറിച്ച് പറയാതെ പറഞ്ഞ് പ്രതിപക്ഷ നേതാവ് ഈ പരാമര്‍ശം നടത്തിയത്.
സമീപകാലത്ത് രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിച്ചത് ഭാരത് ജോഡോ യാത്രയും ഇന്ത്യാ മുന്നണി രൂപീകരണവുമാണ്. അതിന്റെ ബുദ്ധികേന്ദ്രം കെ.സി.വേണുഗോപാലാണ്. കെസി ഡല്‍ഹിയിലുണ്ടെന്നത് നമുക്ക് ആശ്വാസമാണ്. അദ്ദേഹം ഡല്‍ഹിയില്‍ നിന്നുമെത്തി അവാര്‍ഡ് നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് സതീശന്‍ ഈ പ്രതികരണം കൂടി നടത്തിയത്.
നിയമസഭയിലെ എന്റെ ഗുരുനാഥന്‍ ആര്യാടന്‍ മുഹമ്മദായിരുന്നു. 2014-ല്‍ മികച്ച നിയമസഭാംഗത്വത്തിനുള്ള രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ അവാര്‍ഡ് അന്ന് നല്‍കിയത് മന്ത്രിയായിരുന്ന ആര്യാടനായിരുന്നു. മരണമടയുന്നതിന് മുന്‍പ് അതേ അവാര്‍ഡ് അദ്ദേഹത്തിനും ലഭിച്ചു. അത് അദ്ദേഹത്തിനു നല്‍കാനുള്ള അവസരം എനിക്കാണ് ലഭിച്ചത്. ഞാന്‍ മരിച്ചാല്‍ കേരളത്തിലെ പ്രതിപക്ഷ നേതാവ് എന്താണ് പറയുക എന്ന് ജീവിച്ചിരിക്കെ തന്നെ എനിക്ക് കേള്‍ക്കാന്‍ ഭാഗ്യമുണ്ടായി എന്നാണ് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ അനുസ്മരണത്തില്‍ ഇതാണ് ഞാന്‍ ഓര്‍ത്ത് പറഞ്ഞത്.
നിയമസഭയില്‍ അദ്ദേഹത്തിന്റെ മുറിയില്‍ ഓരോ വിഷയത്തെ സംബന്ധിച്ച ഫയലുകള്‍ അടുക്കി അടുക്കി വെച്ചിരിക്കും. ഏത് സംശയത്തിനും മറുപടി പറയും. അദ്ദേഹം മെട്രിക്കുലേഷന്‍ ലഭിച്ച ആളാണ്. എന്നാല്‍ ഏത് വിഷയത്തിലും സംസാരിക്കും. ചൈനയില്‍ നിന്നും അമേരിക്കയില്‍ നിന്നും വാരികകള്‍ വരുത്തും. ബജറ്റില്‍ എങ്ങനെ സംസാരിക്കേണ്ടതെന്ന് അദ്ദേഹമാണ് ഞങ്ങള്‍ക്ക് പറഞ്ഞ് തരുന്നത്. ബജറ്റ് പ്രസംഗങ്ങള്‍ അദ്ദേഹമാണ് തുടങ്ങാറ്.
ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ ഞങ്ങള്‍ അടുത്തടുത്താണ് ഇരിക്കുന്നത്. നിയമസഭ പിരിയും വരെ അദ്ദേഹം ഇരിക്കും. ഞങ്ങള്‍ക്ക് അത് പ്രേരണയാണ്. അദ്ദേഹം മരിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ എനിക്ക് പറഞ്ഞ് തന്നു. ഞാനും മരിക്കുംമുന്‍പ് അത് മറ്റാര്‍ക്കെങ്കിലും പറഞ്ഞ് കൊടുത്തിട്ടേ പോകൂ. ആര്യാടന് ഒരു രാഷ്ട്രീയമുണ്ടായിരുന്നു. കൃത്യമായ രാഷ്ട്രീയമായിരുന്നു അത്-സതീശന്‍ പറഞ്ഞു.