മന്ത്രി ബിന്ദുവിനെ പുറത്താക്കണം, കണ്ണൂർ വി.സി പുനർനിയമനത്തിൽ ഇടപെട്ടു- സതീശന്‍

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി പുനര്‍നിയമനത്തില്‍ അനധികൃത ഇടപെടല്‍ നടത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. പുനര്‍നിയമനത്തില്‍ ആര്‍. ബിന്ദു ഇടപെട്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് കത്ത് നല്‍കിയത്.

കേരള നിയമസഭ പാസാക്കിയ നിയമമനുസരിച്ച്, വി.സിയുടെ നിയമനത്തില്‍ പ്രൊ ചാന്‍സലര്‍ കൂടിയായ ഉന്നതവിദ്യാഭാസ മന്ത്രിക്ക് യാതൊരു അധികാരവും നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ മന്ത്രിയുടെ ഇടപെടല്‍ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഒരു മന്ത്രി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന് പരമോന്നത നീതിപീഠം കണ്ടെത്തിയ സാഹചര്യത്തില്‍ ആര്‍. ബിന്ദുവിന് തല്‍സ്ഥാനത്തു തുടരാനുള്ള അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

മന്ത്രിയുടെ ആദ്യ കത്തിന്റെ അടിസ്ഥാനത്തിലാണ് 2021ൽ വി.സിയുടെ നിയമന അപേക്ഷ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ പിന്‍വലിച്ചതെന്നും, രണ്ടാമത്തെ കത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ വി.സിയെ പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ചാന്‍സലര്‍ പുറപ്പെടുവിച്ചതെന്നും സുപ്രീം കോടതി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഗവർണർ വി.സിക്ക് പുനര്‍നിയമനം നല്‍കിയതെന്നും കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ആർ. ബിന്ദുവിനെ പുറത്താക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top