‘സാറമ്മാരെ, ഉഡായിപ്പിനി നടക്കില്ല’; തൃശൂരിലെ പാർട്ടിക്കാരോട് വി.ഡി.സതീശൻ

തരികിട നടത്തിയും പാലം വലിച്ചും പാർട്ടി പ്രവർത്തനം നടത്താനാവില്ലെന്ന് തൃശൂരിലെ കോൺഗ്രസുകാരോട് കെപിസിസി. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ജില്ലയിലെ കോൺഗ്രസിനെ ശുദ്ധീകരിച്ചെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ.മുരളീധരൻ പരാജയപ്പെട്ട പശ്ചാത്തലത്തിലാണ് നേതൃത്വത്തിൻ്റെ ഉറച്ച നിലപാട്. അതിലുപരി ചേലക്കര ഉപതിരഞ്ഞെടുപ്പിൽ ജയത്തിൽ കുറഞ്ഞതൊന്നും ആലോചിക്കേണ്ടെന്നും ജില്ലാ നേതാക്കളോട് അദ്ദേഹം വെട്ടിത്തുറന്ന് പറഞ്ഞു. തൃശൂർ ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഏകദിന ക്യാമ്പിലായിരുന്നു സതീശൻ്റെ മുന്നറിയിപ്പ് .

ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാക്കളായ ടി.എൻ.പ്രതാപൻ, ജോസ് വള്ളൂർ, എം.പി.വിൻസൻ്റ് എന്നിവർക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രതിപക്ഷ നേതാവ് ഉയർത്തിയത്. മൂന്ന് പേരെയും അദ്ദേഹം നിർത്തിപ്പൊരിച്ചുവെന്നാണ് ചില നേതാക്കൾ അടക്കം പറയുന്നത്. പാർട്ടി പ്രവർത്തനം എങ്ങനെയാണ് നടത്തേണ്ടതെന്ന് കാട്ടിത്തരാമെന്നും സതീശൻ ക്യാമ്പിൽ പറഞ്ഞു. കാല് വാരിയും തിരഞ്ഞെടുപ്പ് പ്രചരണം ഉഴപ്പിയുമുള്ള തറപ്പണികൾ ഇനി പറ്റില്ല. ഒരുമിച്ച് നിന്ന് അദ്ധ്വാനിച്ചാലേ കരകേറാൻ പറ്റുവെന്ന് അദ്ദേഹം തുറന്നടിച്ചു. ശാസനയും, വിമർശനവും തലോടലും സമാസമം നലകിയെന്നാണ് ഒരു നേതാവ് വെളിപ്പെടുത്തിയത്.

കെ.മുരളീധരൻ്റെ തോൽവിയെ തുടർന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ വലിയ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. പ്രവർത്തനത്തിലെ പാളിച്ചകൾക്കെതിരെ മുരളിയും ചില തുറന്ന് പറച്ചിലുകൾ നടത്തിയിരുന്നു. അതിന് ശേഷം നടക്കുന്ന ആദ്യ കോൺഗ്രസ് യോഗമാണ് കഴിഞ്ഞ ദിവസം നടന്നത്. യോഗം നടക്കുന്നതിനിടയിൽ ഫോണുമായി പുറത്തേക്ക് പോകാനിറങ്ങിയവരെ സതീശൻ പിടിച്ചിരുത്തി. കറങ്ങി നടക്കണമെങ്കിൽ നിങ്ങൾക്ക് പോകാം, ക്യാമ്പിൽ വന്നതാണെങ്കിൽ മര്യാദക്കവിടെ ഇരുന്ന് പറയുന്നത് കേൾക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുരളിയുടെ തോൽവിക്ക് ഉത്തരവാദികളായവർ സമാധാനം പറയണം. അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജില്ലാ പ്രസിഡൻ്റിൻ്റെ ചുമതലയുള്ള വി.കെ.ശ്രീകണ്ഠനും, എ.പി.അനിൽ കുമാർ എംഎൽ എയും ജില്ലാ നേതാക്കൾക്കെതിരെ കടുത്ത വിമർശനമാണ് ഉയർത്തിയത്. നിലവിലെ സ്ഥിതിയിൽ മുന്നോട്ട് പോകാനാവില്ലെന്ന് ഇരു നേതാക്കളും തുറന്നടിച്ചു. ടി.എന്‍.പ്രതാപൻ, ജോസ് വള്ളൂർ, വിൻസൻ്റ് എന്നിവർക്കെതിരെയായിരുന്നു മണ്ഡലം ബ്ലോക്ക് നേതാക്കളുടെ പരാതിയും വിമർശനവും. മൂന്നിനേയും മൊട്ടയടിച്ച് നാട് കടത്തണമെന്ന് പോലും ചില പ്രാദേശിക നേതാക്കൾ ക്യാമ്പിൽ പറഞ്ഞതായും അടക്കം പറച്ചിലുണ്ട്. എന്നാൽ മുൻ എംഎൽഎ അനിൽ അക്കരക്കെതിരെ കാര്യമായ വിമർശനം ആരും ഉയർത്തിയില്ല.

ഐക്യം വീണ്ടെടുക്കണമെന്നും വൈരാഗ്യം വെടിയണമെന്നും ശ്രീകണ്ഠൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞു. ലോക്സഭാ തോൽവി മറി കടക്കാൻ ചേലക്കര ജയിച്ചേ പറ്റുവെന്ന് സതീശനും വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലാതല പരിപാടികൾ കഴിഞ്ഞാൽ ഇത് നിയോജകമണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിന് ബ്ലോക്ക് പ്രസിഡന്റുമാരെ ചുമതലപ്പെടുത്തും. പിന്നീട് ത്രിതല പഞ്ചായത്തുകൾ, കോർപറേഷൻ, മുനിസിപ്പാലിറ്റി തലത്തിലും മിഷൻ 25 പരിപാടി നടപ്പാക്കുമെന്നും സതീശൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top