പോക്സോ കേസിൽ തെളിവൊന്നും പോലീസ് ശേഖരിച്ചില്ല; ലാഘവത്തോടെ കൈകാര്യം ചെയ്തു; പോലീസിനെതിരെ വി.ഡി.സതീശന്‍
തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയെ വെറുതെ വിടാന്‍ ഇടയാക്കിയത് അന്വേഷണസംഘത്തിന്റെ വീഴ്ചകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അന്വേഷണത്തിലുണ്ടായ പാളിച്ചകള്‍ വിധിന്യായത്തില്‍ കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംഭവത്തിൻ്റെ പിറ്റേന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തിയത് പോലും. പ്രാഥമിക തെളിവുകള്‍ ശേഖരിച്ചതുമില്ല. ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയത് കേരള പോലീസ് ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്-സതീശന്‍ പറഞ്ഞു.
വാളയാറിലും ഇതുതന്നെയാണ് സംഭവിച്ചത്. പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പൊലീസ് നടത്തിയ ഗൂഡാലോചനയാണ് വാളയാറില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ കാരണം. വാളയാറിലേത് വണ്ടിപ്പെരിയാറില്‍ സംഭവിക്കരുത്. സിപിഎം ജില്ലാ നേതൃത്വമാണ് കേസ് അട്ടിമറിച്ചത്. സിപിഎം പ്രാദേശിക നേതൃത്വമാണ് പ്രതിയെ ഒളിപ്പിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. എസ്.സി, എസ്.ടി. പീഡന നിരോധന നിയമത്തിലെ വകുപ്പ് കൂടി ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നിട്ടും ആ വകുപ്പ് ചേര്‍ത്തില്ല.
കോടതിക്ക് പുറത്ത് കേട്ട ആ അമ്മയുടെ നിലവിളി കേരളത്തിന്റെ ചങ്കില്‍ കൊള്ളേണ്ടതാണ്. കേസ് അട്ടിമറിക്കാന്‍ നടത്തിയ രാഷ്ട്രീയ ഇടപെടലുകള്‍ അന്വേഷിക്കണം. നീതി തേടിയുള്ള കുടുംബത്തിൻ്റെ ശ്രമങ്ങൾക്ക് പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കും. ആവശ്യമായ എല്ലാ നിയമ സഹായവും നൽകും -സതീശന്‍ പറഞ്ഞു.
2200 പൊലീസുകാര്‍ നവകേരളസദസിന് പോയതിനാലാണ് ശബരിമലയില്‍ പൊലീസ് ഇല്ലാത്തത്. പൊലീസ് കാര്യക്ഷമമല്ലെന്ന് ദേവസ്വം പ്രസിഡന്റാണ് പരാതി പറഞ്ഞത്. മുഖ്യമന്ത്രി വിളിച്ച ഓണ്‍ലൈന്‍ യോഗത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും പൊലീസും തമ്മില്‍ അടിയായിരുന്നു. ആവശ്യത്തിന് പൊലീസ് ഇല്ലെന്ന് പറഞ്ഞത് പ്രതിപക്ഷമാണോ ദേവസ്വം പ്രസിഡന്റാണോ? ശബരിമലയിലെ സംഭവങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതുമാണ്. എന്നിട്ടാണ് അവിടെ ഒന്നും സംഭവിച്ചില്ലെന്ന് പറയുന്നത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഒരു ഏകോപനവും ഇല്ലാതിരുന്നതാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here