“ഇത്രയും നീചവും തരംതാണതുമായ ഗൂഡാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തത്, പങ്കുള്ളവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം”: സോളാർ കേസിൽ പ്രതികരിച്ച് വി ഡി സതീശൻ

തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കുടുക്കാൻ ഗൂഡാലോചന നടത്തിയെന്ന സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് ഒറ്റുകാർക്കും ചതിച്ചവർക്കുമുള്ള മറുപടിയാണ്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി എന്ത് ഹീനകൃത്യവും ചെയ്യാൻ മടിക്കാത്തവരാണ് സി.പി.എമ്മും അവർ നേതൃത്വം നൽകുന്ന മുന്നണിയും. സി.ബി.ഐ റിപ്പോർട്ട് അതിന് അടിവരയിടുന്നു. ഇത്രയും നീചവും തരംതാണതുമായ ഗൂഡാലോചന കേരള ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സി.ബി.ഐ റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ‘മാധ്യമ സിൻഡിക്കറ്റ്’ രണ്ടു ദിവസമായി പുറത്തുവിടുന്ന വാർത്തകൾക്ക് പിന്നാലെയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം.
സർക്കാരിനെ അട്ടിമറിക്കുന്നതിന് വേണ്ടി സി.പി.എമ്മിൻ്റെ ആശിർവാദത്തോടെ നടന്നതാണ് നീചമായ ഈ ഗൂഡാലോചന. തട്ടിപ്പ് കേസിലെ പ്രതിയെ വിളിച്ച് വരുത്തി പരാതി എഴുതി വാങ്ങി സി.ബി.ഐ അന്വേഷത്തിന് ഉത്തരവിട്ട മുഖ്യമന്ത്രിക്കും ഗൂഡാലോചനയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാനാകില്ല.
ഉമ്മൻ ചാണ്ടി ഇനിയും ജനഹൃദയങ്ങളിൽ ജീവിക്കും. വേട്ടയാടിയവർ ജനങ്ങളാൽ വെറുക്കപ്പെടും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലെന്ന് ഓർകാണമെന്നും സതീശൻ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here