റഷ്യയില്‍ കുടുങ്ങിയ രണ്ട് ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് വി.മുരളീധരന്‍; മറ്റു രണ്ടുപേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു; ഏജന്‍സികള്‍ക്കെതിരെ നടപടിയെന്ന് കേന്ദ്രമന്ത്രി

തിരുവനന്തപുരം: റഷ്യയില്‍ തൊഴില്‍ തേടിയെത്തി യുദ്ധമുന്നണിയില്‍ അകപ്പെട്ട നാല് ഇന്ത്യാക്കാരില്‍ രണ്ടുപേര്‍ സുരക്ഷിതരെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. രണ്ടു പേര്‍ സുരക്ഷിതരായി മോസ്കോയിലെ എംബസിയിലുണ്ട്. മറ്റ് രണ്ടുപേരെ മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും തിരുവനന്തപുരത്ത് എന്‍ഡിഎ സംസ്ഥാന തിരഞ്ഞെടുപ്പ് കാര്യാലയത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുരളീധരന്‍ പറഞ്ഞു. വ്യാജ റിക്രൂട്ടിംഗ് ഏജന്‍സികള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടരുന്നുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് , പൊഴിയൂർ സ്വദേശി ഡേവിഡ് എന്നിവരെയാണ് മോസ്കോയിലെ ഇന്ത്യൻ എംബസിയിലേക്ക് മാറ്റിയത്. റഷ്യ-യുക്രെയിന്‍ യുദ്ധത്തിനിടയിലാണ് ഡേവിഡിന് കാലിന് സാരമായി പരുക്കേറ്റത്. പാസ്‌പോർട്ട് നഷ്ടപ്പെട്ട ഇരുവർക്കും കേന്ദ്രസർക്കാർ യാത്രാരേഖകൾ നൽകി. വിനീതിനെയും ടിനുവിനെയും തിരിച്ചെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. തുമ്പ സ്വദേശിയായ ട്രാവൽ ഏജന്റ് വഴിയാണ് ഇവർ റഷ്യയിലെത്തിയത്.
സുരക്ഷാജോലിയും മികച്ച ശമ്പളവുമാണ് വാഗ്ദാനം നൽകിയത്. റഷ്യയിലെത്തിയ ഇവരിൽ നിന്ന് ചില പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. പരിശീലനം നൽകിയ ശേഷം പ്രിൻസിനേയും വിനീതിനേയും ഒരു സ്ഥലത്തേക്കും ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും അയക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here