വൈശാഖനെ ഒഴിവാക്കി; തിരിച്ചടിയായി വീഡിയോ; വി.പി. ശരത്ത് പ്രസാദ് DYFI ജില്ലാ സെക്രട്ടറി

തൃശൂർ: സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് നടപടി നേരിട്ട എൻ.വി. വെെശാഖന് പകരം ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറിയായി വി.പി. ശരത്ത് പ്രസാദിനെ തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐയുടെ ജില്ലാ ജോയിൻ്റ് സെക്രട്ടറിയായിരുന്നു ശരത്ത് പ്രസാദ്. മുമ്പ് ജില്ലാ സെക്രട്ടറിയായിരുന്ന വൈശാഖനെ സംഘടനയുടെ എല്ലാ കമ്മിറ്റികളിൽ നിന്നും ഒഴിവാക്കി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഗ്രീഷ്മ അജയഘോഷ് പങ്കെടുത്ത ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
വനിതാ നേതാവിൻ്റെ പരാതിയെ തുടർന്ന് ആഗസ്റ്റ് 15 നായിരുന്നു വൈശാഖനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയത്. തുടർന്ന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല ശരത്തിന് നൽകിയിരുന്നു. പിന്നാലെ കൊടകര ഏരിയാ കമ്മിറ്റിയംഗമായിരുന്ന വൈശാഖനെ ബ്രാഞ്ച് ഘടകത്തിലേക്ക് തരംതാഴ്ത്തി. ഇതിനിടയിൽ കഴിഞ്ഞ ദിവസം ക്വാറി ഉടമയ്ക്കെതിരായ പരാതി പിൻവലിക്കാൻ വൈശാഖൻ പണം വാഗ്ദാനം ചെയ്യുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഇത് സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്താനുള്ള വൈശാഖൻ്റെ ശ്രമങ്ങൾക്ക് തിരിച്ചടിയായി.
തൃശൂര്‍ വെള്ളിക്കുളങ്ങരയിൽ ക്വാറിക്കെതിരെ പരാതി നൽകിയ അജിത്ത് കൊടകരക്കാണ് വൈശാഖൻ പണം വാഗദാനം ചെയ്തത്. എന്നാൽ അഭിഭാഷകൻ എന്ന നിലയിലാണ് ഇടപെട്ടതെന്ന വിശദീകരണവുമായി വൈശാഖൻ രംഗത്ത് വന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here