ചിക്കുന്‍ഗുനിയക്ക് വാക്‌സിന്‍, ഇക്‌സ് ചിക് വാക്‌സിന് അമേരിക്കന്‍ ആരോഗ്യ വിഭാഗത്തിന്റെ അനുമതി; 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാം

ന്യൂയോര്‍ക്ക് : ലോകത്താദ്യമായി ചിക്കുന്‍ഗുനിയ വാക്‌സിന് അംഗീകാരം. യൂറോപ്പിലെ വല്‍നേവ എന്ന കമ്പനി നിര്‍മ്മിച്ച എക്‌സ് ചിക് വാക്‌സിനാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്. മാനദണ്ഡപ്രകാരമുള്ള ക്ലിനിക്കല്‍ പരിശോധനകള്‍ നടത്തിയ ശേഷമാണ് വാക്‌സിന് അമേരിക്കന്‍ ആരോഗ്യ അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരിക്കുന്നത്.

3500 പേരിലാണ് ക്ലിനിക്കല്‍ പരിശോധന നടന്നത്. വൈറസിനെ പ്രതിരോധിക്കാനുളള ആന്റി ബോഡി വാക്‌സിനേഷനിലൂടെ ഉത്പാദിപ്പിക്കുന്നതായി കണ്ടെത്തിയിരുന്നു. ആക്‌സിലറേറ്റര്‍ അപ്രൂവല്‍ എന്ന അടിയന്തര പ്രാധാന്യം കണക്കിലെടുത്തുളള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ വ്യാപകമായി ഈ വാക്‌സിന്‍ ഉപയോഗം സാധ്യമല്ല. അടിയന്തരഘട്ടത്തില്‍ മെഡിക്കല്‍ ടീമിന്റെ സാന്നിധ്യത്തില്‍ മാത്രമാണ് വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ. ഒറ്റ ഡോസായാണ് വാക്‌സിന്‍ നല്‍കുക. വാക്‌സിനേഷനിലൂടെ ചിക്കുന്‍ഗുനിയ വൈറസിന്റെ ശക്തി കുറഞ്ഞ വകഭേദം ശരീരത്തിലേക്ക് കടത്തുകയും ഇതിലൂടെ വൈറസുകളെ പ്രതിരോധിക്കാനുളള ആന്റി ബോഡി ഉത്പാദിപ്പിക്കുകയുമാണ് ചെയ്യുന്നത്. ക്ലിനിക്കല്‍ പഠനത്തിന്റെ ഭാഗമായി ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ചിക്കുന്‍ഗുനിയ ലക്ഷണങ്ങളായ പനി, കഠിനമായ സന്ധിവേദന, തലവേദന എന്നിവ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. തുടര്‍ന്നുളള പഠനത്തില്‍ ഇവരുടെ ശരീരത്തില്‍ ആന്റി ബോഡി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് വിപണിയില്‍ ലഭ്യമാക്കാന്‍ അനുമതി നല്‍കിയത്.

വിപണിയില്‍ ഇറക്കിയെങ്കിലും വാക്‌സിന്‍ സംബന്ധിച്ച് തുടര്‍ പഠനം നടക്കും. വാക്‌സിനേഷന്‍ കൊണ്ട് എന്തെങ്കിലും പാര്‍ശ്വഫലം ഉണ്ടോയെന്നാണ് തുടര്‍ പഠനങ്ങള്‍. ഈഡിസ് ഈജിപ്റ്റി എന്ന കൊതുക് പകര്‍ത്തുന്ന രോഗമാണ് ചിക്കുന്‍ഗുനിയ. 1952ല്‍ ടാന്‍സാനിയയിലാണ് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് നിരവധി രാജ്യങ്ങളിലേക്ക് ഈ രോഗം വ്യാപിച്ചു. 15 വര്‍ഷത്തിനിടെ 50 ലക്ഷം പേര്‍ക്ക് ചിക്കുന്‍ഗുനിയ എന്ന രോഗം ബാധിച്ചു എന്നാണ് കണക്ക്. ആഗോള ആരോഗ്യ ഭീഷണി എന്നാണ് ചിക്കുന്‍ഗുനിയ അറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ വാക്‌സീന്റെ കണ്ടെത്തല്‍ ഏറെ പ്രസക്തവും പ്രതീക്ഷ നല്‍കുന്നതുമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top