ഒന്‍പതുകാരിയെ കാര്‍ ഇടിച്ച കേസിലെ പ്രതി ഇപ്പോഴും വിദേശത്ത്; ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ചതിന് വീണ്ടും കേസ്
കോഴിക്കോട് വടകരയില്‍ ഒന്‍പത് വയസുകാരിയെ വാഹനമിടിച്ച് കോമയിലാക്കിയ കേസിലെ പ്രതി ഷെജീലിനെ ഇതുവരെ കോഴിക്കോട് എത്തിക്കാനായില്ല. അപകടത്തെ തുടര്‍ന്ന് കാറുമായി മുങ്ങിയ ഷെജീല്‍ പിന്നീട് വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇയാളെ തിരികെ എത്തിക്കാനുള്ള പോലീസ് ശ്രമം വിജയിച്ചിട്ടില്ല. വിദേശത്ത് തുടരവേ തന്നെ കോഴിക്കോട് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേസില്‍ നാളെ അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം ഷെജീലിന് എതിരെ നാദാപുരം പോലീസ് കേസെടുത്തിട്ടുണ്ട്. ഇന്‍ഷൂറന്‍സ് കമ്പനിയെ കബളിപ്പിച്ച് 30,000 രൂപ നഷ്ടപരിഹാരം വാങ്ങിയതിനാണ് കേസ് എടുത്തത്. വടകരയിലെ അപകടത്തിന് ശേഷം ഇന്‍ഷൂറന്‍സ് തുക ലഭിക്കാനായി ഇയാള്‍ കാര്‍ മതിലില്‍ ഇടിപ്പിച്ചിരുന്നു. അന്വഷണം തുടങ്ങി ഒന്‍പത് മാസത്തിന് ശേഷമാണ് കാര്‍ ഏതെന്ന് പോലീസിനു വ്യക്തമായത്. ഈ അന്വേഷണത്തിലാണ് ഇന്‍ഷൂറന്‍സ് തുക തട്ടിയ കാര്യവും വെളിയില്‍ വന്നത്.
കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയില്‍ വടകര ചോറോട് മേല്‍പ്പാലത്തിന് സമീപമാണ് അപകടം നടന്നത്. റോഡ് മുറിച്ചു കടക്കുകയായിരുന്ന ദൃഷാനയെയും മുത്തശിയെയും കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഒന്‍പതുകാരി ദൃഷാന ഇപ്പോഴും കോമയിലാണ്. ദൃഷാനയുടെ മുത്തശി 68കാരി ബേബി അപകടത്തിൽ മരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here