ഒന്‍പതുവയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ വാഹനം കണ്ടെത്തി; പ്രതിയെ തിരിച്ചറിഞ്ഞു; നിരന്തര അന്വേഷണം നടത്തിയത് 10 മാസം
വടകരയില്‍ ഒന്‍പതുവയസുകാരി വാഹനമിടിച്ച് കോമയിലായ സംഭവത്തില്‍ അപകടമുണ്ടാക്കിയ വാഹനം പോലീസ് കണ്ടെത്തി. ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തിലെ പ്രതിയെയാണ് കണ്ടെത്തിയത്. ഷെജീല്‍ ആണ് കാര്‍ ഓടിച്ചത്. മാരുതി സ്വിഫ്റ്റ് കാര്‍ പോലീസ് പിടിച്ചെടുത്തു. അപകട സ്ഥലത്ത് നിര്‍ത്താതെ കാറുമായി രക്ഷപ്പെടുകയായിരുന്നു. ഷെജീല്‍ യുഎഇയിലാണ് ഉള്ളത്. പ്രതിയെ ഉടന്‍ അവിടെ നിന്നും എത്തിക്കുമെന്ന് കോഴിക്കോട് റൂറല്‍ എസ്പി നിതിന്‍രാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വാഹനാപകടം നടന്ന് പത്ത് മാസത്തിനു ശേഷമാണ് അപകടം വരുത്തിയ കാര്‍ തിരിച്ചറിയുന്നത്. മുത്തശിയും കുട്ടിയും റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. മുത്തശി 68കാരി ബേബി കൊല്ലപ്പെട്ടിരുന്നു. മുണ്ടയാട് എല്‍പി സ്കൂളില്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിനിയായ ദൃഷാന കോമയിലുമായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടരുകയാണ് കുട്ടി.
അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ തലശ്ശേരി ഭാഗത്തേക്ക് പോയ കാര്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അപകടം നടന്ന കാര്‍ കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു പോലീസ്. മതിലില്‍ ഇടിച്ചു എന്ന് ചൂണ്ടിക്കാട്ടി ഈ കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിമിന് അപേക്ഷിച്ചിരുന്നു. ഈ അപേക്ഷ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് കാര്‍ തിരിച്ചറിഞ്ഞത്.
രാത്രി ഒന്‍പതു മണിയോടെയായിരുന്നു അപകടം. അതിനാല്‍ വാഹനത്തിന്റെ നമ്പര്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞിരുന്നില്ല. വെള്ള കാര്‍ ആണ് അപകടം വരുത്തിയത് എന്ന വിവരം മാത്രമാണ് ലഭിച്ചത്. മാരുതി സ്വിഫ്റ്റ് കാറിനെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘമാണ് അന്വേഷിച്ചത്. 40 കിലോമീറ്ററില്‍ ലഭ്യമായ ക്യാമറകളില്‍ നിന്നൊക്കെ പോലീസ് വിവരം ശേഖരിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here