വിദ്യാർഥിനികളെ ഇടിച്ചിട്ട ഡ്രൈവര്‍ ഇനി ബസ് ഓടിക്കില്ല; ലൈസൻസ് റദ്ദാക്കിയത് ആജീവനാന്ത കാലത്തേക്ക്

വടകര മടപ്പള്ളി ഗവ. കോളജ് സ്റ്റോപ്പിൽ സീബ്ര ലൈനില്‍ വിദ്യാർഥിനികളെ ബസിടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി. എല്ലാ ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്. ആജീവനാന്ത കാലത്തേക്കാണ് നടപടി. കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന അയ്യപ്പന്‍ എന്ന ബസിന്റെ ഡ്രൈവര്‍ക്ക് എതിരെയാണ് നടപടി. ബസ് ചോമ്പാല പോലീസ് കസ്റ്റഡിയിലാണ്.
വടകര ബീച്ചിലെ മുഹമ്മദ് ഫുറൈസ് ഖിലാബാണ് ബസ് ഓടിച്ചത്. വടകര ആർടിഒ സഹദേവൻ ഡ്രൈവറെ വിളിപ്പിച്ച് ഹിയറിങ് നടത്തിയിരുന്നു. ഇതിനുശേഷമാണ് നടപടി. പരിക്കേറ്റ ശ്രേയ (19), ദേവിക (19), ഹൃദ്യ (19) എന്നിവരെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സീബ്രാലൈനിലൂടെ കൂട്ടമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു കുട്ടികള്‍. ആദ്യപകുതി കഴിഞ്ഞപ്പോള്‍ കണ്ണൂര്‍ ഭാഗത്തുനിന്ന് ഒരു ലോറി വേഗതയില്‍ കടന്നുപോയി. തുടർന്ന് തൊട്ടുപിന്നിലെത്തിയ ബസ് ഇവരെ ഇടിച്ചിടുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here