വളാഞ്ചേരിയിലെ എയ്ഡ്‌സ് പരിശോധനയില്‍ കുഴങ്ങി ആരോഗ്യവകുപ്പ്; അന്യസംസ്ഥാന തൊഴിലാളികള്‍ സഹകരിക്കുന്നില്ല

ഒരേ സിറിഞ്ച് ഉപയോഗിച്ച് ലഹരി കുത്തിവച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതില്‍ തുടര്‍ പരിശോധനകള്‍ പ്രതിസന്ധിയില്‍. ലഹരി സംഘത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികള്‍ പരിശോധനയോട് സഹകരിക്കാത്തതാണ് പ്രതിസന്ധിയാകുന്നത്. എച്ച്‌ഐവി സ്ഥിരീകരിച്ചവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംഘത്തിലുളള മറ്റുളളവരെ കണ്ടെത്താന്‍ ശ്രമം നടക്കുന്നത്. എന്നാല്‍ പോലീസ് കേസാകുമെന്ന് ഭയന്നാണ് പലരും ഒളിച്ചു കളിക്കുന്നത്.
ക്യാമ്പ് സംഘടിപ്പിച്ച് കൂടുതല്‍ പരിശോധന നടത്താനാണ് നീക്കം. ഒറ്റപ്പെട്ട പരിശോധനകള്‍ക്ക് ആരും തയാറാകാതെ വന്നതോടെയാണ് ക്യാംപ് നടത്തി പരമാവധി പേരെ പരിശോധനക്ക് വിധേയമാക്കാൻ തീരുമാനിച്ചിരിക്കുന്നത്. അതിനിടെ ചില അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങിയോ എന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.
കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി ജയിലില്‍ നടത്തിയ പരിശോധനയിലൂടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തറിഞ്ഞത്. ലഹരിക്കേസില്‍ ജയിലിലായ ആളെ പരിശോധിച്ചപ്പോള്‍ എച്ച്‌ഐവി പോസിറ്റീവായി. ഇയാളില്‍ നിന്നും വിശദമായി വിവരം ശേഖരിച്ചാണ് കൂടുതല്‍ പേരെ പരിശോധിച്ചത്. ലഹരി സംഘത്തിലെ പതിനഞ്ചു പേരെ പരിശോധിച്ചപ്പോഴാണ് പത്തുപേരും പോസിറ്റീവായത്. ഇവരില്‍ ആറുപേര്‍ അന്യസംസ്ഥാന തൊഴിലാളികളാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here