വാളയാർ കേസിൽ സിബിഐ ട്വിസ്റ്റ്‌; പെണ്‍കുട്ടികളുടെ അച്ഛനും അമ്മയും പ്രതികള്‍; എതിര്‍പ്പുമായി വാളയാർ നീതി സമരസമിതി

പാലക്കാട് വാളയാർ കേസിൽ പെണ്‍കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർത്ത് സിബിഐയുടെ അനുബന്ധ കുറ്റപത്രം. കൊച്ചി സിബിഐ മൂന്നാം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസില്‍ അപ്രതീക്ഷിത നീക്കമാണ് സിബിഐ നടത്തിയത്.

ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ഇവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. കുട്ടികൾ ബലാത്സംഗത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും മാതാപിതാക്കൾ പോലീസിനെ അറിയിച്ചില്ല എന്നാണ് സിബിഐ ചൂണ്ടിക്കാട്ടുന്നത്. പോക്സോ വകുപ്പുകളും ഐപിസി വകുപ്പുകളും മാതാപിതാക്കൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി നിർദേശിച്ചിരുന്നു. പ്രദേശവാസികളെ പ്രതികളാക്കി സിബിഐ കുറ്റപത്രം നല്‍കിയപ്പോള്‍ ഇത് തള്ളിയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

കുട്ടികൾ ചൂഷണത്തിന് ഇരയായിരുന്നത് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മാതാപിതാക്കളെ സാക്ഷികളാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എന്നാൽ സിബിഐ നടത്തിയ തുടരന്വേഷണത്തിലാണ് മാതാപിതാക്കളെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

വിചിത്രമായ കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നതെന്ന് വാളയാർ നീതി സമരസമിതി രക്ഷാധികാരിയായ സിആർ നീലകണ്ഠൻ ആരോപിച്ചു. “മാതാപിതാക്കൾ സ്ഥലത്തില്ലാത്തപ്പോഴാണ് മരണം നടന്നത്. . ആത്മഹത്യയാണോ കൊലപാതകമാണോ എന്നാണ് ചോദ്യം. ആത്മഹത്യയാണെന്ന് സിബിഐ വാദിക്കുന്നു. എന്നാല്‍ നടന്നത് ആസൂത്രിതമായ കൊലപാതകമാണെന്ന് വിശ്വസിക്കുന്നു.” – നീലകണ്ഠൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top