വാളയാര്‍ കേസില്‍ ഹൈക്കോടതിയെ സമീപിച്ച് അമ്മ; പ്രതിയാക്കിയ സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യം

വാളായാറില്‍ സഹോദരിമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സിബിഐ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഹൈക്കോടതിയെ സമീപിച്ചു. ആത്മഹത്യാ പ്രേരണ കുറ്റത്തിന് കുട്ടികളുടെ മാതാപിതാക്കളെ പ്രതികളാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇത് റദ്ദാക്കണമെന്നാണ് ആവശ്യം. കുട്ടികളുടെ മരണത്തില്‍ പുനരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സിബിഐ ക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.
കുട്ടികള്‍ കൊല്ലപ്പെട്ടതാണ് എന്ന് തെളിയിക്കുന്ന സെലോഫിന്‍ ടെസ്റ്റ് റിസല്‍ട്ട്, ഷെഡിലെ ഉത്തരത്തിന്റെ ഉയരവും കുട്ടികളുടെ ഉയരവും തമ്മിലുള്ള പൊരുത്തക്കേടുകള്‍, കൊലപാതക സാധ്യത അന്വേഷിക്കണം എന്ന ഫോറന്‍സിക് സര്‍ജന്‍ ഡോ.ഗുജ്രാളിന്റെ മൊഴി, മൂത്ത കുട്ടി കൊല്ലപ്പെട്ട സമയത്ത് രണ്ട് പേര്‍ മുഖം മറച്ച് പോകുന്നത് കണ്ടു എന്ന ഇളയ കുട്ടിയുടെ മൊഴി ഇവ ചൂണ്ടിക്കാട്ടിയാണ് മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചത്. എപ്രില്‍ ഒന്നിന് ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കും.
സിബിഐ കുറ്റപത്രത്തില്‍ അമ്മക്കും രണ്ടാനച്ഛനുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉണ്ടായിരുന്നത്. 2017 ജനുവരി ഏഴിന് 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള സഹോദരിയും വീട്ടിനുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇവര്‍ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയത്. മൂത്ത കുട്ടിയുടെ മരണത്തിന് ശേഷമാണ് പ്രതികള്‍ ഇളയ കുട്ടിയെ പീഡിപ്പിച്ചത്. മക്കളുടെ മുന്നില്‍ വെച്ച് ഒന്നാം പ്രതി അമ്മയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. രണ്ട് കുട്ടികളേയും പീഡിപ്പിക്കാന്‍ എല്ലാ സഹായവും ചെയ്തത് അമ്മയാണെന്നും കുറ്റപത്രത്തിലുണ്ട്.
സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here