രാഷ്ട്രീയ കേരളത്തിന് ഇന്ന് വാലൻ്റൈൻസ് ഡേ 💞 പിണങ്ങിപ്പിരിഞ്ഞ മന്ത്രിദമ്പതികൾ എട്ടരവർഷത്തിന് ശേഷം വീണ്ടും ഒന്നിച്ച പ്രണയദിനം
പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വരുന്നതും ഒരുമിച്ചു താമസിക്കുന്നതും അത്ര വലിയ വാർത്ത ആണോ? സോഷ്യൽ മീഡിയ സജീവമായ ഇക്കാലത്ത് അതൊന്നും അത്ര വൈറലാകേണ്ട വാർത്തയായി ആർക്കും തോന്നാനിടയില്ല. പക്ഷേ ഏതാണ്ട് അരനൂറ്റാണ്ട് മുമ്പ് പത്രങ്ങൾക്ക് അതൊരു ഒന്നാംപേജ് വാർത്തയായിരുന്നു. എട്ടരക്കൊല്ലം മുമ്പ് പിണങ്ങിപ്പോയ ഭാര്യ ഭർത്താവിനെ കാണാൻ വന്നത് അത്ര അപ്രതീക്ഷിതമായിരുന്നു. രാഷ്ട്രീയമായ കാർക്കശ്യത്തിനപ്പുറത്ത്, പൊതുമണ്ഡലത്തിൽ നിറഞ്ഞുനിന്ന ഇരുവരുടെയും പ്രകൃത്യം സാധാരണക്കാർക്ക് അത്രയധികം പരിചിതമായിരുന്നു. അത്രമേൽ അകന്നുപോയവരുടെ സമാഗമം അത്യന്തം വികാരനിർഭരമായിരുന്നു.
1976 ഒക്ടോബർ 15 വൈകുന്നേരം പ്രണയത്തിലേക്കും ദാമ്പത്യത്തിലേക്കും ഒരിക്കൽ തുറന്നിട്ടതും പിന്നെ അടച്ചതുമായ വാതിലിലൂടെ കെ.ആർ.ഗൗരി തൻ്റെ പ്രിയതമനെ കാണാൻ വന്നത് മലയാള മനോരമയുടെ ഒന്നാം പേജിലെ പ്രധാന വാർത്തയായിരുന്നു. ‘ടി.വിയെ ഗൗരി കണ്ടു’ -ആ കൂടിക്കാഴ്ചയുടെ രണ്ടു കോളം വാർത്ത അവരുടെ പ്രണയത്തിൻ്റേയും ദാമ്പത്യത്തിൻ്റേയും വിപ്ലവത്തിൻ്റേയും പാർട്ടിയുടെ പിളർപ്പിൻ്റേയും ഒക്കെ ഒരുപാട് ഓർമ്മകൾ ഉണർത്തുന്നതായിരുന്നു. ഏകാകിയും രോഗിയുമായ ഭർത്താവിനെ എട്ടര വർഷത്തിനു ശേഷം കാണാൻ വന്നത് സംസ്ഥാന രാഷ്ട്രീയത്തിലെ അവിസ്മരണീയമായ ഏടായിരുന്നു.
ഐക്യകേരളം രൂപീകൃതമായ ശേഷം നിലവിൽവന്ന ആദ്യ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ടി.വി.തോമസിൻ്റേയും ഗൗരിയുടേയും വിവാഹം വലിയ വാർത്തയായിരുന്നു. അവരുടെ പിണക്കവും വേർപിരിയലുമെല്ലാം മലയാളികൾ കൗതുകത്തോടെ കണ്ടറിഞ്ഞതും വായിച്ചറിഞ്ഞതുമാണ്. രണ്ടുപേർക്കും അടുത്തടുത്തായി രണ്ട് മന്ത്രി മന്ദിരങ്ങളാണ് അനുവദിച്ചത്. ഗൗരിക്ക് സാനഡുവും ടി.വിക്ക് റോസ് ഹൗസും. രണ്ട് ബംഗ്ലാവുകൾക്കുമിടയിൽ കിളിവാതിൽ പോലെ ഒരു ഗേറ്റുണ്ടായിരുന്നു. താമസവും കിടപ്പും ഭക്ഷണവുമെല്ലാം ടി.വിയുടെ റോസ് ഹൗസിൽ. 1964ൽ പാർട്ടി പിളർന്നു. ടി.വി.തോമസ് സിപിഐയിലും ഗൗരി സിപിഎമ്മിലും. അപ്പോഴും അവർ ഒരുമിച്ചായിരുന്നു. പക്ഷേ പാർട്ടിയുടെ പിളർപ്പ് ഇരുവരെയും ബാധിച്ചു തുടങ്ങി.
1967ലെ ഇഎംഎസ് മന്ത്രിസഭ അധികാരത്തിൽ എത്തിയപ്പോൾ ഇരുവരും വീണ്ടും മന്ത്രിമാരായി. പക്ഷെ ടി.വി.തോമസ് സിപിഐ പ്രതിനിധിയും, ഗൗരി സിപിഎം മന്ത്രിയും എന്ന വ്യത്യാസം ഉണ്ടായിരുന്നു. വീണ്ടും ടി.വി. റോസ് ഹൗസിലും ഗൗരി സാനഡുവിലും തന്നെ താമസം. 10 കൊല്ലത്തിനിടയിലെ ദാമ്പത്യത്തിനൊടുവിൽ അവർക്കിടയിൽ നേരിയ അസ്വാരസ്യങ്ങൾ ഉടലെടുത്ത കാലം. 1967ൻ്റെ പകുതിയിൽ ടി.വിയുമായി പിണങ്ങി ഗൗരി റോസ് ഹൗസ് വിട്ടിറങ്ങി സാനഡുവിൽ താമസമാക്കി. 1969ൽ ഇഎംഎസ് മന്ത്രിസഭ കാലാവധി പൂർത്തിയാക്കാതെ താഴെ വീണു.
അച്യുതമേനോൻ്റെ നേതൃത്വത്തിൽ 1970 ഒക്ടോബറിൽ 4ന് അധികാരത്തിൽ വന്ന മന്ത്രിസഭയിൽ ടി.വി. വീണ്ടും വ്യവസായ മന്ത്രിയായി. ഗൗരി പ്രതിപക്ഷത്തും. കീരിയും പാമ്പും പോലെ ഇരുവരും നിയമസഭയ്ക്കുള്ളിലും പുറത്തും ഏറ്റുമുട്ടി. ഭർത്താവ് വലത് കമ്യൂണിസ്റ്റുകാരനും ഭാര്യ ഇടത് കമ്യൂണിസ്റ്റും!! ഇവരെ രണ്ടുചേരിയിൽ നിർത്താൻ ഇരു പാർട്ടികളിലെയും ശകുനിമാർ 24×7 അധ്വാനിച്ചു.
മന്ത്രിയായിരിക്കുമ്പോഴാണ് ടി.വിക്ക് കാൻസർ പിടിപെട്ടത്. ബോംബെ ടാറ്റാ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിലായിരുന്നു. രോഗശമനം ഉണ്ടാകാതെ വന്ന ഘട്ടത്തിൽ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി വന്നു. അത്യന്തം ഗുരുതരാവസ്ഥയിലായ ടി.വിയെ കാണാനാണ് എട്ടര വർഷത്തിന് ശേഷം ഗൗരി വന്നത്. വ്യവസായ മന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘നെസ്റ്റിൽ’ വെച്ചായിരുന്നു കൂടിക്കാഴ്ച.
മനോരമ വാർത്ത ഇങ്ങനെ:
“കെ.ആർ.ഗൗരി ഇന്നലെ ടി.വി.തോമസിനെ കണ്ടു. എട്ടര വർഷത്തിനു ശേഷമുള്ള ആദ്യത്തെ കൂടിക്കാഴ്ച. അവർണനീയമായ വികാരങ്ങൾ വിങ്ങിപ്പൊട്ടിയ ഈ പുന:സമാഗമത്തിനു കളമൊരുക്കിയതു ഗൗരിയുടെ ഒരു അടുത്ത ബന്ധുവായ പി.എൻ.ചന്ദ്രസേനൻ എംഎൽഎ ആയിരുന്നു.
ചന്ദ്രസേനനോടൊപ്പമാണ് ഗൗരി വ്യവസായ മന്ത്രിയുടെ വസതിയിലെത്തിയത്. കണ്ടുമുട്ടിയപ്പോൾ രണ്ടുപേർക്കും ആദ്യം കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ആ നിശബ്ദതയ്ക്കു വിരാമമിട്ടതു ടി.വിയായിരുന്നു. ഗൗരിയുടെ അസുഖം എങ്ങനെയിരിക്കുന്നു? ടി.വി. ചോദിച്ചു. ടിവിയുടെ അസുഖത്തെപ്പറ്റി ഗൗരിയും. സംഭാഷണം ഒന്നര മണിക്കൂർ നീണ്ടു നിന്നു. പിരിയുമ്പോൾ ടി.വി. പറഞ്ഞു, നാളെയും വരണം… വരാം, ഗൗരി മറുപടി പറഞ്ഞു. പി.എൻ.ചന്ദ്രസേനൻ തന്നെയാണ് ഈ വിവരം പത്രലേഖകരെ അറിയിച്ചത്. ഗൗരി ഇന്നും ടി.വിയെ കാണും, ചന്ദ്രസേനൻ പറഞ്ഞു.”
പിറ്റേന്നത്തെ മനോരമയിലും അവരുടെ ഒത്തുചേരലിനെക്കുറിച്ച് വിശദമായ വാർത്തയുണ്ടായിരുന്നു. ‘ഗൗരി എന്നും ടി.വിയെ കാണും’ എന്ന തലക്കെട്ടിൽ എഴുതിയ വാർത്ത അവസാനപ്പിക്കുന്നത് ഇങ്ങനെയാണ് -“ഗൗരി ഇനി എന്നും ടി.വിയെ കാണും. ടി.വി. ആലപ്പുഴയിലെ തൊഴിലാളി വർഗത്തിൻ്റെ ആരാധ്യനായ നേതാവായിരുന്ന കാലത്താണ് ആ രംഗത്തു കടന്നു വന്ന ഗൗരി അദ്ദേഹത്തിൽ അനുരക്തയായത്. 1957ൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ അവർ വിവാഹ ബന്ധത്തിൽ ഏർപ്പെട്ടു. അന്നു മള്ളൂർ ഗോവിന്ദപ്പിള്ളയുടെ കാർമ്മികത്വത്തിൽ നടന്ന ട്രാൻസ്പോർട്ട്- തൊഴിൽ മന്ത്രിയുടേയും റവന്യൂ മന്ത്രിയുടേയും വിവാഹത്തിന് സാനഡു ബംഗ്ലാവും സാക്ഷ്യം വഹിച്ചു. പത്തുകൊല്ലത്തിന് ശേഷം മന്ത്രിമാരായിരിക്കെ തന്നെ അവർ റോസ് ഹൗസിൽ വച്ചു പിണങ്ങി പിരിഞ്ഞു. ഇപ്പോൾ വ്യവസായ മന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘നെസ്റ്റ്’ ആ ദമ്പതികളുടെ പുന:സമാഗമത്തിനു സാക്ഷ്യം വഹിക്കുന്നു.”
ഇരുവര്‍ക്കുമിടയിൽ ഉണ്ടായിരുന്ന ആ സ്നേഹത്തിന്‍റെ കിളിവാതിൽ അടച്ച് കളഞ്ഞതിൽ പാർട്ടി കടുംപിടുത്തങ്ങൾക്ക് ഉണ്ടായിരുന്ന പങ്കിനെക്കുറിച്ച് പിന്നീട് പലപ്പോഴും കെ.ആര്‍.ഗൗരിയമ്മ ഗദ്ഗദത്തോടെ ഓര്‍ത്തിട്ടുണ്ട്. കമ്മ്യൂണിസത്തിൽ ഇഴചേര്‍ത്ത ആ ബന്ധത്തെ അങ്ങനെ പാർട്ടി കടുംപിടുത്തങ്ങളിലൂടെ കാലം വേര്‍പിരിച്ചെങ്കിലും, കേരള രാഷ്ട്രീയത്തിന് എന്നപോലെ തന്നെ കെ.ആര്‍.ഗൗരിക്കും ടി.വിക്കും ഈ കൂടിക്കാഴ്ച മധുരം പുരട്ടിയ ഒരുപാട് ഓർമ്മകൾ സമ്മാനിച്ചതായിരുന്നു. അവർ അന്യോന്യം സ്നേഹിച്ചിരുന്നു എന്നാണ് ഈ സമാഗമം തെളിയിക്കുന്നത്. ടി.വിയുടെ മരണമെത്തിയ നേരത്തിന് മുന്നേ അവർ വീണ്ടും അനുരാഗത്തിലേക്ക് മടങ്ങിയെത്തി.
രണ്ടു പാർട്ടികൾ ചേർന്നാണ് തങ്ങളെ ബോധപൂർവം അകറ്റിയതെന്ന് ഗൗരിയമ്മ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. “1967ലെ മന്ത്രിസഭയുടെ കാലത്ത് ഒരുമിച്ച് ഒരു വീട്ടിൽ തുടങ്ങിയതാ, റോസ് ഹൗസിൽ. തൊട്ടടുത്ത സാനഡു എൻ്റെ ഓഫീസും. പിന്നെ പാർട്ടികൾ തമ്മിൽ പ്രശ്നമായപ്പോൾ രണ്ടു പാർട്ടിയും സമ്മതിക്കുകേലായിരുന്നു കൂടെ താമസിക്കാൻ. ഞാൻ രാജിവെച്ചു പോകാൻ തയ്യാറായതാ; ഇഎം ആണ് കാരണം. പിന്നീട് ഇഎം പറഞ്ഞു മാറിത്താമസിക്കണമെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്ന് സ്റ്റേറ്റ്മെൻ്റ് കൊടുക്കാൻ. പിന്നെ രണ്ടുപേരും സ്വന്തം പാർട്ടി വലുതാക്കാൻ ശ്രമിച്ചു.”
“ഈ വേർപിരിയലിൻ്റെ സ്ട്രെയിൻ ഇല്ലാതാക്കാൻ ഞാൻ ജീവിതത്തിൽ എത്ര വിഷമിച്ചെന്നോ? ജോലി ചെയ്താണ് അതിന് ശ്രമിച്ചത്. രാവിലെ എട്ടു മണിക്ക് തന്നെ സെക്രട്ടറിയേറ്റിലെത്തി ജോലി തുടങ്ങും. രാത്രി വൈകിയേ വീട്ടിലേക്ക് വരു. അസുഖബാധിതനായ ടി.വിയെ ആശുപത്രിയിൽ കൂടെ നിന്ന് പരിചരിക്കാനും ശുശ്രൂഷിക്കാനും തൻ്റെ പാർട്ടിയായ സിപിഎം സമ്മതിച്ചില്ലെന്ന് ഗൗരിയമ്മ പറഞ്ഞിട്ടുണ്ട്. “കൂടെ നിൽക്കാൻ ഞാനാഗ്രഹിച്ചതാ. പക്ഷേ പാർട്ടി സമ്മതിക്കത്തിലായിരുന്നു. ചോദിച്ചിട്ടും അനുവാദം തന്നില്ല. അതൊക്കെയോർക്കുമ്പോൾ … ഇപ്പോഴും … ഒരു ഭാര്യയുടെ ചുമതല നിർവഹിക്കുവാൻ എനിക്ക് കഴിഞ്ഞിട്ടില്ല. അങ്ങേർക്ക് അസുഖമായപ്പോൾ കൂടെ നിന്ന് ശുശ്രൂഷിക്കേണ്ടവളല്ലേ ഞാൻ…. ഒരു ദിവസം പോലും മുഴുവൻ സമയം കൂടെ നിൽക്കാൻ അനുവാദം കിട്ടിയില്ല. ഒരു പാട് വേദനിച്ചിട്ടാ ടി.വി. മരിച്ചത്… ” (കെ.ആർ.ഗൗരിയമ്മയും കേരളവും – ഗീത)
കാലമെത്ര കഴിഞ്ഞാലും ഹൃദയത്തിൽ വേരുള്ള ചില ബന്ധങ്ങൾ അങ്ങനെയാണെന്ന് വാക്കിലും പ്രവര്‍ത്തിയിലും നിരന്തരം ഓര്‍മ്മിപ്പിച്ചു കൊണ്ടേ ഇരുന്നു ടി.വി.തോമസും കെ.ആര്‍.ഗൗരിയമ്മയും. പ്രത്യയശാസ്ത്ര ശാഠ്യങ്ങളുടേയും പെറ്റി ഈഗോയുടേയും പേരിൽ തല്ലിപ്പിരിഞ്ഞു പോയവരെ സ്നേഹത്തിൻ്റെ പഞ്ഞിച്ചരടിൽ കൂട്ടിച്ചേർത്ത ഈ ദിനം കേരള രാഷ്ടീയത്തിലെ വാലൻ്റയിൻസ് ഡേ ആകുന്നത് ഇങ്ങനെയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here