ഹൈറിച്ച് ഇഡി കുരുക്കിലേക്ക്; പോലീസ് അനാസ്ഥ ആരോപിച്ച് പരാതിപ്പെട്ട് മുന്‍ എസ്.പി, സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ അപേക്ഷ

തിരുവനന്തപുരം : ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. മുന്‍ എസ്പിയായ പി.എ.വത്സന്‍ ഐപിഎസാണ് ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര ഏജന്‍സിക്ക് പരാതി നല്‍കിയിരിക്കുന്നത്. കമ്പനിയുടെ നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. കമ്പനി നിക്ഷേപ തട്ടിപ്പിലൂടെ സമാഹരിച്ച 400 കോടി രൂപ വിദേശത്തേക്ക് കടത്താനുള്ള ശ്രമങ്ങള്‍ ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപനും ഭാര്യ ശ്രീന പ്രതാപനും നടത്തുന്നതായും പരാതിയില്‍ ആരോപിക്കുന്നുണ്ട്.

തട്ടിപ്പിന് ഉന്നത തലത്തില്‍ നിന്നുളള സഹായം ലഭിക്കുന്നുണ്ട്. ലാഭവിഹിതവും മറ്റ് ആനുകൂല്യങ്ങളും നല്‍കുമെന്ന് വിശ്വസിപ്പിച്ച് നടത്തുന്ന തട്ടിപ്പ് പ്രൈസ് ചിറ്റ്സ് ആന്‍ഡ് മണി സെര്‍ക്യൂലേഷന്‍ സ്‌കീംസ് ആക്ടിലെ 3,4,5,6 വകുപ്പനുസരിച്ച് കുറ്റകരമാണ്. പരാതി ലഭിച്ചിട്ടും ഈ വകുപ്പുകള്‍ അനുസരിച്ച് ബഡ്സ് ആക്ട് ചുമത്തി സ്വത്തുക്കള്‍ കണ്ട് കെട്ടാനുള്ള ഉത്തരവിറങ്ങിയത് മാസങ്ങള്‍ കഴിഞ്ഞാണ്. 14 കേസുകളില്‍ പ്രതിയായിട്ടും കമ്പനി ഉടമയ്‌ക്കെതിരെ നടപടികള്‍ ഇഴഞ്ഞു നീങ്ങുകയാണ്. ഇത് പ്രതികള്‍ക്ക് തട്ടിപ്പിലൂടെ സമാഹരിച്ച കോടികള്‍ വിദേശത്തേക്ക് കടത്താന്‍ സഹായം നല്‍കുന്നതിനാണെന്നും വത്സന്‍ ആരോപിക്കുന്നു. 15 സംസ്ഥാനങ്ങളിലായി 69 അക്കൗണ്ടുകള്‍ കമ്പനിക്കുണ്ട്. ഇതിലൂടെ പണം അതിവേഗം കൈമാറ്റം നടത്തുകയാണ്. യുഎഇ ആസ്ഥാനമായ കമ്പനിയിലേക്കാണ് പണം കടത്തുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.

ഹൈറിച്ച് കമ്പനി ഉടമകളായ പ്രതാപന്‍ ഭാര്യ ശ്രീന പ്രതാപന്‍ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണം, അക്കൗണ്ടുകള്‍ മരവിപ്പിക്കണം, വാഹനങ്ങള്‍ പിടിച്ചെടുക്കണം എന്നിങ്ങനെ ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കെയാണ് കമ്പനിയില്‍ ജിഎസ്ടി വിഭാഗം പരിശോധന നടത്തിയത്. ഇതില്‍ 172 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. പ്രതാപനെ അറസ്റ്റ് ചെയ്തെങ്കിലും ഭാര്യ ശ്രീനയെ അറസ്റ്റ് ചെയ്തിരുന്നില്ല. 51 കോടി മാത്രം അടച്ച് പ്രതാപന്‍ ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു. സാധാരണക്കാരാണ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഭൂരിഭാഗവും. അതിനാല്‍ അടിയന്തര നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പോലീസില്‍ നിന്ന് നടപടി ഉണ്ടാകില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്നാണ് ഇഡിയെ സമീപിച്ചതെന്ന് പി.എ. വത്സന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. പോലീസില്‍ പരാതി നല്‍കിയിട്ട് ഇതുവരെ മൊഴി പോലും രേഖപ്പെടുത്താന്‍ തയാറായിട്ടില്ല. കേന്ദ്ര ഏജന്‍സിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും വത്സന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top