പരാതിക്കാരന് ക്രൂര മർദനം, വഞ്ചിയൂർ സിവിൽ പോലീസ് ഓഫീസർ അനീഷിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: പൊതുവഴിയിലെ അക്രമം പോലീസിനെ അറിയിച്ച യുവാവിനെ ക്രൂരമായി മർദിച്ച പോലീസുകാരന് സസ്പെന്ഷൻ. തിരുവനന്തപുരം വഞ്ചിയൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അനീഷിനെയാണ് അന്വേഷണ വിധേയമായി സിറ്റി കമ്മിഷണർ സി എച്ച് നാഗരാജു സസ്‌പെൻഡ് ചെയ്തത്.

സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ശം ഖുമുഖം അസിസ്റ്റന്റ് കമ്മിഷണർ അനുരൂപ് ഇയാൾ കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷൻ.

കൊല്ലം കൊട്ടിയം സ്വദേശി സാനിഷിനെയാണ് വഞ്ചിയൂർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ അനീഷ് മർദിച്ചത്. കവറടി ജങ്ഷനിൽ വെച്ച് തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. കഴുത്തിന് കുത്തിപ്പിടിച്ച് പോലീസ് ജീപിന്റെ ബോണറ്റിൽ തല ഇടിപ്പിക്കുകയും മുഖത്ത് കൈ വീശി അടിക്കുകയും ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

തിങ്കളാഴ്ച രാത്രി സാനിഷ് റൂമിലേക്ക് തിരിച്ചു പോകുന്ന വഴി കവറടി ജങ്ഷനിൽ നടന്ന സംഘട്ടനം പോലീസിനെ വിളിച്ചറിയിച്ചിരുന്നു. പിന്നീട് രാത്രി വഞ്ചിയൂർ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ഫോണിൽ കവറടിയിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. അവിടെ എത്തിയ അയാളെ മൂന്നു പോലീസുകാർ ചേർന്ന് മർദിക്കുകയായിരുന്നു. സാനിഷ് പരാതി നല്കാൻ ചൊവ്വാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും അസഭ്യം പറഞ്ഞു ഉദ്യോഗസ്ഥർ പുറത്താക്കുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top