വെടിയുതിര്‍ത്ത ഡോക്ടറും ഇരയായ ഷിനിയും ഒരിക്കല്‍ കൂടി നേരില്‍ കണ്ടു; തോക്ക് കണ്ടെത്താന്‍ പരിശോധന

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മക്ക് നേരെ ലേഡി ഡോക്ടര്‍ വെടിവച്ച സംഭവത്തില്‍ പോലീസിന്റെ തെളിവെടുപ്പ് തുടരുകയാണ്. നാലു ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ച പ്രതിയുമായാണ് വഞ്ചിയൂര്‍ പോലീസ് വിവിധയിടങ്ങളില്‍ പരിശോധന നടത്തുന്നത്. പ്രതി ഉപയോഗിച്ച എയര്‍ഗണ്‍ അടക്കം കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ആക്രമണമുണ്ടായ വീട്ടില്‍ എത്തിച്ച് പ്രതിയുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.

ഇരയുടേയും വെടിവച്ച വേട്ടക്കാരിയുടേയും കൂടിക്കാഴ്ച തീര്‍ത്തും നിര്‍വികാരമായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മയെ വെടിവച്ച കേസില്‍ പ്രതിയായ ലേഡി ഡോക്ടറും ആക്രമിക്കപ്പെട്ട ഷിനിയും തമ്മില്‍ കണ്ടത് തെളിവെടുപ്പിനിടെ ആയിരുന്നു. പോലീസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ ഇന്നലെയാണ് ചെമ്പകശേരി ലൈനിലെ പങ്കജ് എന്ന വീട്ടിലെത്തിച്ചത്. ഈ സമയം കൈക്ക് വെടിയേറ്റ് ചികിത്സയിലുള്ള ഷിനിയും വീട്ടിലുണ്ടായിരുന്നു. പ്രതിയെ തിരിച്ചറിയാന്‍ കഴിയുമോയെന്ന് പോലീസ് കുടുംബാംഗങ്ങളോട് ചോദിച്ചു.

പ്രതിയായ ഡോക്ടറെ കാണാന്‍ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിന്റെ അച്ഛന്‍ ഭാസ്‌കരന്‍ നായരും അമ്മയും വീടിന് പുറത്തേക്കു വന്നു. എന്നാല്‍ സുജിത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ല. സുജിത്ത് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും അതിന് പ്രതികാരം ചെയ്യാനാണ് ഭാര്യയെ ആക്രമിച്ചത് എന്നുമാണ് പിടിയിലായ ശേഷം പ്രതി മൊഴി നല്‍കിയത്. പ്രതിയുടെ തിരിച്ചടി എന്നതിനപ്പുറം ഇതില്‍ വസ്തുത ഉണ്ടോയെന്ന് ഉറപ്പില്ലെങ്കിലും മൊഴിയുടെ അടിസ്ഥാനത്തില്‍ സുജിത്തിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം ഉണ്ടാക്കിയ നിര്‍വികാരതയും ആകുലതകളും എല്ലാവരുടേയും മുഖത്ത് പ്രകടമായിരുന്നു.

വെടിവച്ച സ്ഥലം, എങ്ങനെയാണ് വെടിവച്ചത് തുടങ്ങിയ കാര്യങ്ങള്‍ പ്രതി പോലീസിനോട് വിശദമായി തന്നെ പറഞ്ഞുകൊടുത്തു. മൂന്ന് റൌണ്ട് വെടിവച്ചെങ്കിലും ഒരെണ്ണം മാത്രമാണ് ഷിനിയുടെ കൈയ്യില്‍ തുളച്ചുകയറിയത്. സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഈ വെടിയുണ്ട തെളിവിനായി പോലീസ് ശേഖരിച്ചിട്ടുണ്ട്. വെടിവച്ച തോക്ക് അടക്കം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടരുകയാണ്. ഡോക്ടര്‍ കാറില്‍ വരികയും തിരിച്ചുപോവുകയും ചെയ്ത വഴികളിലുടെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. ജൂലെ 28നാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി വിളിച്ചിറക്കി വെടിയുതിര്‍ത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top