കാവി നിറത്തിലേക്ക് മാറാന്‍ വന്ദേഭാരത് എക്സ്പ്രസ്; വൃത്തിയാക്കാന്‍ എളുപ്പമെന്ന് വിശദീകരണം
ചെന്നൈ: വന്ദേഭാരത് ട്രയിനുകള്‍ക്ക് നിറം മാറ്റം. നിലവിലെ വെള്ളയും നീലയും നിറത്തിന് പകരം ഓറഞ്ച്-ചാര നിറങ്ങളിലേക്കാണ് ട്രയിനുകളുടെ നിറം മാറ്റുന്നത്. പഴയ നിറങ്ങള്‍ കഴുകിവൃത്തിയാക്കാനേറെ പ്രയാസമുള്ളതാണ് എന്നടക്കം കാരണങ്ങളാണ് നിറം മാറ്റത്തിനായി മുന്നോട്ടുവയ്ക്കുന്നത്. 28-ാമത് വന്ദേഭാരത് ട്രയിനാണ് കാവി നിറത്തിലുള്ള കോമ്പിനേഷനുണ്ടാവുക എന്ന് ഐസിഎഫ് അധികൃതര്‍ അറിയിച്ചു.
പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐ.സി.എഫ്) നിർമ്മിച്ചതില്‍ ആകെ 25 ട്രയിനുകള്‍ നിലവില്‍ പ്രവർത്തനക്ഷമമാണ്. രണ്ട് ട്രയിനുകള്‍ റിസർവ് ചെയ്തിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള 28-ാമത്തെ ട്രയിനിന്റെയാണ് നിറം മാറ്റിക്കൊണ്ടിരിക്കുന്നതെന്നും റെയിൽവേ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു. എന്‍ജിനു വെള്ളയും ഓറഞ്ചും ബാക്കിബോഗികള്‍ക്ക് ഓറഞ്ചും ചാരനിറവുമാണ് പരീക്ഷിച്ചുവരുന്നത്.
ശനിയാഴ്ച ചെന്നെെയിലെത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മാറ്റങ്ങള്‍ അവലോകനം ചെയ്തു. രാജ്യത്തിന്റെ ത്രിവർണ പതാകയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിറം മാറ്റമെന്ന് സന്ദർശനത്തിന് ശേഷം കേന്ദ്രമന്ത്രി പറഞ്ഞു. അതേസമയം, പഴയ നിറങ്ങളില്‍ പെട്ടെന്ന് അഴുക്ക് പുരളുമെന്നതിനാലാണ് പുതിയ നിറങ്ങള്‍ പരീക്ഷിക്കുന്നതെന്നാണ് ഐസിഎഫ് അധികൃതര്‍ മുന്നോട്ടുവയ്ക്കുന്ന വിശദീകരണം.
പുതിയതായി 25 ഓളം പുതുക്കല്‍ നടപടികളാണ് പുതിയ ട്രയിനുകള്‍ക്കായി പരിഗണിക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആന്റി ക്ലൈംബിംഗ് ഫീച്ചറുകള്‍ എല്ലാ വന്ദേ ഭാരത് ട്രയിനുകളിലും മറ്റ് ട്രെയിനുകളിലും സ്റ്റാൻഡേർഡ് ഫീച്ചറുകളായി അവതരിപ്പിക്കും. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്റ്റേഷനിൽ ഫ്ളാഗ് ഓഫ് ചെയ്ത ഗോരഖ്പൂർ-ലക്‌നൗ, ജോധ്പൂർ-സബർമതി എന്നീ ട്രെയിനുകളില്‍ ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here