വണ്ടിപ്പെരിയാര്‍ പ്രതിക്ക് നോട്ടീസ്; സര്‍ക്കാര്‍ അപ്പീൽ 29ന് പരിഗണിക്കും
കൊച്ചി: വണ്ടിപ്പെരിയാറിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ അപ്പീലുമായി സർക്കാർ ഹൈക്കോടതിയിൽ. പ്രതിയെ വെറുതേ വിട്ടതിനെതിരെ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. പ്രതിക്ക് നോട്ടീസ് നല്കാൻ കോടതി നിർദ്ദേശിച്ചു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടെന്നാണ് അപ്പീലിൽ പറയുന്നത്. ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് അപ്പീൽ 29ന് പരിഗണിക്കും.
സംഭവം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി വന്നത്. കട്ടപ്പന പ്രത്യേക കോടതിയാണ് പ്രതിയെ വെറുതേ വിട്ടത്. പ്രതിക്കെതിരേ തെളിവുകൾ നൽകുന്നതിൽ അന്വേഷണ സംഘവും പ്രോസിക്യൂഷനും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി പ്രതി അർജുനെ കോടതി വെറുതേ വിടുകയായിരുന്നു. വിധി വിവാദമായി തുടരുമ്പോഴാണ് അപ്പീലുമായി സര്‍ക്കാര്‍ എത്തുന്നത്. പെണ്‍കുട്ടിയുടെ കുടുംബവും നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ്.
പെണ്‍കുട്ടിയുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ നേരിൽ കണ്ട് സംസാരിച്ചിരുന്നു. കുടുംബത്തിന് നീതി ലഭിക്കുന്നതിനായി എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.
2021 ജൂണ്‍ 30 നാണ് വണ്ടിപ്പെരിയാറിലെ ലയത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കുട്ടിയുടെ മൃതദേഹം കണ്ടത്. കുട്ടിക്ക് രണ്ട് വയസുള്ളപ്പോൾ മുതൽ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. 78 ദിവസത്തിനകം പോലീസ് കുറ്റപത്രവും സമർപ്പിച്ചു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here