മുഖ്യമന്ത്രിയെ കണ്ട് വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കുടുംബം; പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്നാവശ്യം

തിരുവനന്തപുരം : വണ്ടിപ്പെരിയാറില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ആറു വയസുകാരിയുടെ കുടുംബം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസിനൊപ്പമെത്തിയാണ് കുടുംബം മുഖ്യമന്ത്രിയെ കണ്ടത്. മറ്റൊരു അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്ന് കുടുംബം മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. എസ് സി, എസ് ടി ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ എഫ്‌ഐആറില്‍ ചേര്‍ക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്നത് പരിശോധിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം കുടംബം പ്രതികരിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമായി ആലോചിച്ച് തീരുമാനിക്കുമെന്ന ഉറപ്പാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്.

ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടിരുന്നു. ബലാത്സംഗം, കൊലപാതകം ഉള്‍പ്പടെ ഒരു കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്നാണ് പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കുടുംബം ഉന്നയിച്ചത്. കേസില്‍ കക്ഷിചേരാനും കുടുംബം തീരുമാനിച്ചിട്ടുണ്ട്.

2021 ജൂണ്‍ മുപ്പതിനാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്നും അയല്‍വാസിയായ അര്‍ജുനാണ് കൃത്യം ചെയ്തതെന്നും കണ്ടെത്തിയത്. 2021 സെപ്റ്റംബര്‍ 21 നാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകം, ബലാത്സംഗം, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ 48 സാക്ഷികളെ വിസ്തരിക്കുകയും നിരവധി വസ്തുക്കള്‍ തെളിവായി സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് വലിയ ആഘാതമായിരുന്നു കോടതി വിധി. അതിവൈകാരികമായാണ് കുടുംബം കോടതിയില്‍ പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top