വണ്ടിപ്പെരിയാര്‍ പ്രതിയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീല്‍; നടപടി എജിയുടെ നിയമോപദേശം പരിഗണിച്ച്
അടിമാലി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊന്ന കേസിൽ പ്രതിയെ വിട്ടയച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ. പ്രോസിക്യൂഷനാണ് അപ്പീൽ നൽകിയത്. കേസിലെ തെളിവുകളും വസ്തുതകളും വിലയിരുത്തുന്നതിൽ കോടതിക്കു പിഴവു പറ്റിയെന്നും ശാസ്ത്രീയ തെളിവുകൾ പോലും കോടതി വേണ്ടവിധം പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അപ്പീൽ. എജിയുടെ നിയമോപദേശം ഉൾപ്പെടെ പരിഗണിച്ചാണ് നടപടി.
കുറ്റം തെളിയിക്കുന്നതിൽ പൊലീസും പ്രോസിക്യൂഷനും ഒരുപോലെ പരാജയപ്പെട്ടതോടെയാണ് പ്രതി അർജുനെ കോടതി വിട്ടയച്ചത്. കുട്ടിയുടെ മരണം കൊലപാതകമാണെന്നും പീഡനം നടന്നിട്ടുണ്ടെന്നും കോടതി ശരിവച്ചു. എന്നാൽ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷനു സാധിച്ചില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ തെളിവു ശേഖരിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തിയെന്നും കോടതി കണ്ടെത്തി. അന്വേഷണോദ്യോഗസ്ഥൻ സ്ഥലത്തെത്തിയത് മരണം നടന്നതിന്റെ പിറ്റേന്നാണെന്നും കോടതി ചൂണ്ടിക്കാട്ടി.
2021 ജൂൺ 30നാണ് എസ്‌റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. കട്ടപ്പന അതിവേഗ പോക്സോ കോടതിയാണ് പ്രതി അർജുനെ കുറ്റവിമുക്തനാക്കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here