വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം വേണം; പെണ്‍കുട്ടിയുടെ അമ്മ ഹൈക്കോടതിയില്‍, ഹര്‍ജി നാളെ പരിഗണിക്കും

ഇടുക്കി: വണ്ടിപ്പെരിയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആറുവയസുകാരിയുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചു. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. കുറ്റവാളികളെ രക്ഷിക്കാൻ അന്വേഷണ ഏജൻസിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടായതായും തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ വെറുതെ വിടുകയായിരുന്നെന്നും പെണ്‍കുട്ടിയുടെ അമ്മ ആരോപിച്ചു. ഹര്‍ജി നാളെ പരിഗണിക്കും.

പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി മൂന്നാം ദിവസമാണ് കേസില്‍ തെളിവുകള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇത് കോടതിയില്‍ ഹാജരാക്കുന്നത് 7 ദിവസങ്ങള്‍ക്ക് ശേഷമാണ്. ഡിഎൻഎ പരിശോധന നടത്താന്‍ സാധിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി പ്രതിയായ അര്‍ജുനെ കഴിഞ്ഞ ഡിസംബറില്‍ കോടതി വെറുതെ വിട്ടിരുന്നു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് വിധി വരുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന കുടുംബത്തിന് വലിയ ആഘാതമായിരുന്നു കോടതി വിധി. ഇതിനിടെ പെണ്‍കുട്ടിയുടെ കുടുംബത്തിനു നേരെ പ്രതിഭാഗത്തുനിന്ന് ആക്രമണമുണ്ടാകുകയും പ്രതിയുടെ ബന്ധു കുട്ടിയുടെ അച്ഛനെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.

2021 ജൂണിലാണ് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരി കഴുത്തില്‍ ഷാള്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടി പീഡനത്തിന് ഇരയായെന്ന് മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തിലാണ് കൊലപാതകമാണെന്നും അയല്‍വാസിയായ അര്‍ജുനെ പോലീസ്‌ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടിയുടെ പിതാവും സർക്കാരും ഫയൽ ചെയ്ത അപ്പീല്‍ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കവെയാണ് പുതിയ റിട്ട് ഹർജി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top