ഫോണ്‍ കോളുകള്‍ വന്നപ്പോള്‍ അസ്വാഭാവികത തോന്നി; പിന്നില്‍ സുഹൃത്തുക്കളുടെ സ്‌നേഹം; വൈറല്‍ ബോര്‍ഡിലെ വര്‍ഗീസ് മാഷ് സംസാരിക്കുന്നു

തൃശ്ശൂര്‍: ജന്മദിനാശംസകള്‍ നേര്‍ന്ന് സുഹൃത്തുക്കള്‍ മാളയിലെ റോഡരികില്‍ സ്ഥാപിച്ച ബോര്‍ഡ് ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ ആദ്യം മാനസിക സംഘര്‍ഷമുണ്ടാക്കിയെങ്കിലും ഇപ്പോള്‍ ആലോചിക്കുമ്പോള്‍ തമാശയാണ് തോന്നുന്നതെന്ന് വര്‍ഗീസ് പാലാട്ടിയെന്ന മുന്‍ അധ്യാപകന്‍. മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് വീടും പൂട്ടി മാറി നില്‍ക്കേണ്ട അവസ്ഥയുണ്ടായെങ്കിലും ഇപ്പോള്‍ അതില്‍ വിഷമം തോന്നുന്നില്ല. ഇനി ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും വര്‍ഗീസ് പാലാട്ടി മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു

ഒരു ബോര്‍ഡും പൊല്ലാപ്പുകളും

പൊയ്യ സ്‌കൂളിലെ മുന്‍ അധ്യാപകനായ വര്‍ഗീസ് പാലാട്ടിയുടെ എണ്‍പതാം പിറന്നാളായിരുന്നു ഞായറാഴ്ച. പ്രിയപ്പെട്ട അധ്യാപകന് സര്‍പ്രൈസ് നല്‍കാന്‍ രണ്ട് ബോര്‍ഡുകള്‍ സുഹൃത്തുക്കള്‍ മാളയില്‍ റോഡരികത്ത് സ്ഥാപിച്ചു. ഫോട്ടോ വലുതായും ജന്മദിനാശംസയെന്നത് ചെറുതായുമാണ് ബോര്‍ഡ് സ്ഥാപിച്ചത്. സാധാരണ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് സ്ഥാപിക്കുന്ന ബോര്‍ഡിന് സമാനമായിരുന്നു ബോര്‍ഡ്. ഇതോടെയാണ് വലിയൊരു ശിഷ്യ സമ്പത്തും സുഹൃത്ത് സംഘവുമുള്ള അധ്യാപകന് അന്വേഷണ വിളികളെത്തിയത്. ജന്മദിന ദിവസം പുലര്‍ച്ചെ മുതല്‍ തന്നെ ഫോണ്‍ വിളികളെത്തി. മൊബൈലില്‍ ലഭിക്കാത്തവര്‍ വീട്ടിലെ ലാന്റ് ഫോണിലായി വിളികള്‍. ആദ്യം സംഭവത്തിന് പിന്നിലെ കാരണം മനസിലായില്ലെങ്കിലും പിന്നീട് ലാന്റ് ഫോണിലെ വിളികളില്‍ നിന്നാണ് കാരണം മനസിലായത്. വിളിച്ച പലരും മാഷിന്റെ ശബ്ദം കേട്ട ശേഷമാണ് മരിച്ചിട്ടില്ലെന്ന് ഉറപ്പിച്ചത്. വാഹനങ്ങളില്‍ പോകുന്നതിനിടയില്‍ ബോര്‍ഡ് കണ്ടവരാണ് വിളിച്ചന്വേഷിച്ചവരില്‍ ഏറെയും.

മാനസിക സമ്മര്‍ദ്ദമായി, പിന്നാലെ ബോര്‍ഡും വലിച്ചു കീറി

ജന്മദിനത്തിലെ ഫോണ്‍കോളുകള്‍ വര്‍ധിച്ചതോടെ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചതായി വര്‍ഗീസ് മാഷ് പറയുന്നു. എല്ലാ സന്തോഷവും നഷ്ടമായ അവസ്ഥയിലായി. മൊബൈല്‍ ഓഫ് ചെയ്തു. ലാന്റ് ഫോണിന്റെ റിസീവര്‍ മാറ്റി വയ്ക്കുകയും ചെയ്തു. പിന്നാലെ മാള ടൗണിലെത്തി ബോര്‍ഡ് വലിച്ചു കീറി ദൂരെയെറിഞ്ഞു. അതിനു ശേഷമാണ് പളളിയിലേക്ക് പോയത്. എന്നാല്‍ ബോര്‍ഡ് സംബന്ധിച്ച് വാര്‍ത്ത അതിനിടയില്‍ തന്നെ നാട്ടില്‍ പരന്നിരുന്നു. ഇതോടെ പള്ളിയിലും അന്വേഷണങ്ങളും സംസാരവും ഇത് സംബന്ധിച്ച് തന്നെയായി. ഇതോടെ ബസില്‍ കയറി തൃശ്ശൂരിലേക്ക് വെറുതെയൊരു യാത്ര പോയി. ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി പറയാനുള്ള അവസ്ഥയല്ലാത്തതിനാലാണ് യാത്ര പോയത്. വൈകിട്ട് തിരിച്ചു വന്നെങ്കിലും പള്ളി തിരുനാള്‍ ആഘോഷത്തിലടക്കം പങ്കെടുക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. രണ്ട് ദിവസത്തോളമെടുത്തു ഈ സമ്മര്‍ദ്ദത്തില്‍ നിന്ന് മാറാനെന്നും മാഷ് പറയുന്നു.

ഇപ്പോള്‍ തമാശയായി തോന്നുന്നു, ഇനി ഇത് വേണ്ട

ജന്മദിനത്തിലെ സംഭവങ്ങളെല്ലാം ഇപ്പോള്‍ തമാശയായാണ് തോന്നുന്നതെന്ന് വര്‍ഗീസ് മാഷ് പറഞ്ഞു. സുഹൃത്തുക്കളടക്കം സ്‌നേഹം പ്രകടിപ്പിച്ചതാണ്. എന്നാല്‍ അത് വലിയ വിഷമമുണ്ടാക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചു. ഇനി ഇത്തരമൊരു അവസ്ഥയാര്‍ക്കും ഉണ്ടാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നാണ് വര്‍ഗീസ് മാഷിന് നല്‍കാനുളള ഉപദേശം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top