എന്തുവന്നാലും തകരില്ലെന്ന് ടൂറിസം മന്ത്രി പറഞ്ഞ വര്‍ക്കല ഫ്ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; സഞ്ചാരികളുടെ സുരക്ഷയില്‍ ആര്‍ക്കും ആശങ്കയില്ല; കേസെടുത്ത് കോസ്റ്റല്‍ പോലീസ്
തിരുവനന്തപുരം : അതീവ സുരക്ഷ ഉറപ്പാക്കി പുത്തന്‍ സാങ്കേതിക വിദ്യയില്‍ തയാറാക്കിയതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞ വർക്കലയിലെ ഫ്‌ളോട്ടിങ്ങ് ബ്രിഡ്ജാണ് ഇന്ന് തകര്‍ന്നിരിക്കുന്നത്. ഡിസംബര്‍ 23ന് പാലം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു മന്ത്രിയുടെ അവകാശവാദം. അന്നിത് പറയാനൊരു സാഹചര്യം ഉണ്ടായിരുന്നു. ഇതിന് മുമ്പ് തൃശൂര്‍ ചാവക്കാട് സ്ഥാപിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. എന്നാലിത് തകർന്നതല്ലെന്നും ശക്തമായ തിരകൾ ഉണ്ടായപ്പോൾ സുരക്ഷയെക്കരുതി പാലം തീരത്തേക്ക് മാറ്റിയിട്ടതാണെന്നും വീണ്ടും പുനസ്ഥാപിക്കുമെന്നും ആയിരുന്നു ഔദ്യോഗിക വിശദീകരണം. ഇതിനെ പരാമർശിച്ചാണ് വർക്കല ബ്രിഡ്ജിൻ്റെ സുരക്ഷയെക്കുറിച്ച് മന്ത്രി വിശദീകരിച്ചത്. നെഗറ്റീവ് വാർത്തകൾക്ക് പിന്നില്‍ വിനോദ സഞ്ചാരമേഖലയെ തകര്‍ക്കാനുള്ള ലോബിയാണെന്നും മന്ത്രി ആരോപിച്ചിരുന്നു.
എന്നാലിപ്പോൾ വർക്കലയിലെ ബ്രിഡ്ജ് തകർന്ന് 15 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. വൈകിട്ട് ശക്തമായ തിരയില്‍പ്പെട്ടാണ് ബ്രിഡ്ജിന്റെ കൈവരി തകര്‍ന്നത്. അഞ്ചുതെങ്ങ് കോസ്റ്റല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ടൂറിസം ഡയറക്ടറോട് പൊതുമരാമത്ത് മന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
100 മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമാണ് ഫ്ളോട്ടിങ് ബ്രിഡ്ജിനുണ്ടായിരുന്നത്. പാലത്തിന്റെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ വീതിയിലുമായി കാഴ്ചകള്‍ ആസ്വദിക്കാന്‍ പ്ലാറ്റ്‌ഫോമും ഉണ്ട്. ഒരേസമയം മുന്നൂറ് ആളുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി പാലത്തിനുണ്ട് എന്നാണ് പറഞ്ഞിരുന്നത്. വിനോദ സഞ്ചാര വകുപ്പിന്റേയും കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയുടെയും വര്‍ക്കല മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെ തിരുവനന്തപുരം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഫ്ളോട്ടിങ് ബ്രിഡ്ജ് യാഥാര്‍ത്ഥ്യമാക്കിയത്.
എല്ലാ ജില്ലയിലും ഇതുപോലെ ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ സ്ഥാപിക്കുമെന്നാണ് ടൂറിസം വകുപ്പിന്റെ പ്രഖ്യാപനം. 7 ഇടങ്ങളിലാണ് നിലവില്‍ ഇത്തരം ബ്രിഡ്ജുകളുള്ളത്. ടിക്കറ്റെടുത്ത് ബ്രിഡ്ജില്‍ കയറുന്നവരുടെ സുരക്ഷ ആര് ഉറപ്പു നല്‍കുമെന്ന ചോദ്യമാണ് ഉയരുന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here