ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നതില്‍ ഗുരുതര വീഴ്ച; കയ്യൊഴിഞ്ഞ് സർക്കാരിന്റെ ടൂറിസം ഏജൻസികൾ; നിര്‍മ്മാണ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല

തിരുവനന്തപുരം: വര്‍ക്കലയിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്ന് അപകടം ഉണ്ടായതില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്‌. ബ്രിഡ്ജ് നിര്‍മ്മാണ ചട്ടങ്ങളും തീരദേശ പരിപാലന ചട്ടങ്ങളും പാലിക്കാതെയാണ് നിര്‍മ്മിച്ചത്. ഫ്ലോട്ടിങ് ബ്രിഡ്ജിന്റെ നിര്‍മ്മാണത്തിന് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റിന്റെ അനുമതി വാങ്ങിയില്ല എന്നും കണ്ടെത്തലുകളില്‍ പറയുന്നു. അതേസമയം ബ്രിഡ്ജിന്‍റെ സുരക്ഷാ ചുമതലയില്‍ നിന്ന് കയ്യൊഴിഞ്ഞ മട്ടിലാണ് അധികൃതരുടെ വിശദീകരണം.

തീരദേശത്ത് നടത്തുന്ന എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കേരള കോസ്റ്റല്‍ സോണിന്റെ (കെ.സി.ഇസഡ്.എം.എ) അനുമതി വേണം. എന്നാല്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് താത്കാലിക നിര്‍മ്മാണമായതിനാല്‍ അനുമതി വേണ്ടെന്നാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗൺസിലും (ഡി.റ്റി.പി.സി) കേരള അഡ്വഞ്ചർ ടൂറിസവും നല്‍കുന്ന വിശദീകരണം. ഫ്ലോട്ടിങ് ബ്രിഡ്ജിന്‍റെ നടത്തിപ്പ് ഉത്തരവാദിത്തം കരാർ കമ്പനിക്കാണെന്ന് ഡിറ്റിപിസിയും സുരക്ഷാ ചുമതല നടത്തിപ്പ് കമ്പനിയുടേത് മാത്രമാണെന്ന് അഡ്വഞ്ചർ ടൂറിസവും വാദിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് വര്‍ക്കലയില്‍ ഫ്ലോട്ടിങ് ബ്രിഡ്ജ് നിര്‍മ്മിച്ചത്. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസം പിന്നിടും മുന്‍പാണ് ഇന്നലെ വലിയ അപകടം സംഭവിച്ചത്. ഏകദേശം നൂറോളം പേരാണ് അപകടം നടന്ന സമയത്ത് ബ്രിഡ്ജില്‍ ഉണ്ടായിരുന്നത്. ബ്രിഡ്ജിന്‍റെ കൈവരി തകര്‍ന്ന് നിരവധി പേര്‍ കടലിലേക്ക് വീഴുകയും പതിനഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഒരാളുടെ നില ഗുരുതരമാണ്. വേലിയേറ്റ സമയത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് പ്രവര്‍ത്തിപ്പിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് സൂചന. പരിപൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കാതെ ഇനി ബ്രിഡ്ജ് പ്രവര്‍ത്തിപ്പിക്കില്ല എന്ന നിലപാടിലാണ് വര്‍ക്കല നഗരസഭയും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top