മലയാള സിനിമയുടെ സീന്‍ മാറ്റാന്‍ ഇന്നെത്തുന്നത് മൂന്ന് ചിത്രങ്ങള്‍; ആവേശം, വര്‍ഷങ്ങള്‍ക്കു ശേഷം, ജയ് ഗണേശ്; ബോക്‌സ് ഓഫീസ് തൂക്കുമോ?

വിഷു-റംസാന്‍ റിലീസ് ആയി മൂന്ന് മലയാള സിനിമകളാണ് ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത്. ഫഹദ് ഫാസില്‍ നായകനാകുന്ന ജിത്തു മാധവന്റെ ആവേശം, പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന വര്‍ഷങ്ങള്‍ക്ക് ശേഷം, ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത് ശങ്കര്‍ ഒരുക്കുന്ന ജയ് ഗണേശ്. രാവിലെയും ഉച്ചയ്ക്കും രാത്രിയും ടിക്കറ്റ് എടുത്ത് പ്രേക്ഷകരുടെ പോക്കറ്റ് കീറും എന്നുറപ്പ്.

ആവേശം

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം. ഫഹദ് ഫാസിലിന്റെ പുതിയ അവതാരമായിരിക്കും ആവേശത്തിലെ രങ്കന്‍ എന്ന ഗുണ്ടാ കഥാപാത്രം. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെ എസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരും ചിത്രത്തിലുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷം

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം. ഹൃദയത്തിന് ശേഷം മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം നിര്‍മിച്ച് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’. ധ്യാന്‍ ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്കു പുറമെ നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയ താരനിരയും ചിത്രത്തിലുണ്ട്.

ജയ് ഗണേഷ്

മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ഉണ്ണി മുകുന്ദന്‍ നായകനായി തിയറ്ററിലെത്തുന്ന ചിത്രമാണ് ജയ് ഗണേശ്. രഞ്ജിത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഡ്രീംസ് എന്‍ ബിയോണ്ട്, ഉണ്ണിമുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയന്‍, ബെന്‍സി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top