ആവേശവും ജയ് ഗണേശും പിന്നില്‍; കൂടുതല്‍ സ്‌ക്രീനുകളില്‍ എത്തുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം; വമ്പന്‍ റിലീസിന് വിനീത് ശ്രീനിവാസന്‍ ചിത്രം

ഈയാഴ്ച മലയാള സിനിമയ്ക്ക് മൂന്ന് പ്രധാന റിലീസുകളാണുള്ളത്. വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഫഹദ് ഫാസിലിന്റെ ആവേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേശ്. മൂന്ന് ചിത്രങ്ങളും ഏപ്രില്‍ 11ന് തിയറ്ററുകളില്‍ എത്തും. മലയാള സിനിമ കഴിഞ്ഞ കുറേ നാളുകളുകളായി ബോക്‌സ് ഓഫീസില്‍ കാണിക്കുന്ന മാജിക്ക് ഈ ചിത്രങ്ങളും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വര്‍ഷങ്ങള്‍ക്കും ശേഷം മാസ് റിലീസിനാണ് തയാറെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വമ്പന്‍ പ്രീ-റിലീസ് ഹൈപ്പാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിന് ലഭിക്കുന്നത്. പാട്ടുകള്‍ക്കോ ട്രെയിലറുകള്‍ക്കോ കിട്ടാതിരുന്ന സ്വീകാര്യതയാണ് ചിത്രത്തിന്റെ പ്രമോഷന്‍ ഇന്റര്‍വ്യൂകള്‍ക്ക് ലഭിക്കുന്നത്. സ്‌ക്രീന്‍ കൗണ്ടില്‍ ആവേശത്തെക്കാളും ജയ് ഗണേശിനെക്കാളും മുന്നിലാണ് ചിത്രം എന്നാണ് റിപ്പോര്‍ട്ട്. തൊട്ടുപിന്നില്‍ ആവേശവും മൂന്നാം സ്ഥാനത്ത് ജയ് ഗണേശുമാണ്. അതേസമയം പൃഥ്വിരാജിന്റെ ആടുജീവിതം ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. 1970കള്‍ മുതലുള്ള കാലഘട്ടങ്ങളിലൂടെയാണ് സിനിമ വളരുന്നത്. കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, ഷാന്‍ റഹ്‌മാന്‍, അര്‍ജുന്‍ ലാല്‍, നീത പിള്ള, നിവിന്‍ പോളി, ബേസില്‍ ജോസഫ് തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. രോമാഞ്ചം എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജിത്തു മാധവന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് ആവേശം. അടിമുടി ഫണ്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫഹദിനെ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ആവേശത്തില്‍ അവതരിപ്പിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ ഉണ്ണി മുകുന്ദന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ജയ് ഗണേശ്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top