വിശാഖ് സുബ്രഹ്‌മണ്യം 15 കോടി ചോദിച്ചു; ‘മഞ്ഞുമ്മല്‍ ബോയ്‌സി’നെക്കാള്‍ മികച്ച സിനിമയാണ് ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്നു പറഞ്ഞു; നിര്‍മാതാവിന്റെ വെളിപ്പെടുത്തല്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യവുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് വെളിപ്പെടുത്തി തമിഴ് സിനിമാ നിര്‍മാതാവ് ജി.ധനഞ്ജയന്‍. സിനിമയുടെ തിയറ്റര്‍ അവകാശം വാങ്ങി തമിഴ്നാട്ടില്‍ വിതരണം ചെയ്യാന്‍ ശ്രമിച്ചെന്നും എന്നാല്‍ വിശാഖ് സുബ്രഹ്‌മണ്യം ചോദിച്ച വില കേട്ട് ഞെട്ടിയെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞുമ്മല്‍ ബോയ്സിന്റെ വിജയത്തെ തുടര്‍ന്ന് മലയാള സിനിമകളോടുള്ള തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം ഈ ചിത്രത്തിനും പ്രയോജനപ്പെടുമെന്ന് കണക്കിലെടുത്താണ് താന്‍ തിയറ്റര്‍ റൈറ്റ്‌സ് സ്വന്തമാക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

“മഞ്ഞുമ്മല്‍ ബോയ്സ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആസമയം വര്‍ഷങ്ങള്‍ക്ക് ശേഷം റിലീസിന് തയ്യാറെടുക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ എനിക്ക് വളരെ ഇഷ്ടമായതിനാല്‍ ഞാന്‍ ആ സിനിമയുടെ നിര്‍മാതാവിനെ ഫോണില്‍ വിളിച്ച് തമിഴ്നാട്ടില്‍ സിനിമ റിലീസ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തു. മഞ്ഞുമ്മല്‍ ബോയ്സിനേക്കാള്‍ മികച്ച സിനിമയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന് അദ്ദേഹം എന്നോട് പറഞ്ഞു,” ധനഞ്ജയന്‍ പറഞ്ഞു.

നിര്‍മാതാവ് വിശാഖ് സുബ്രഹ്‌മണ്യത്തിന്റെ ആവശ്യം ബോക്സ് ഓഫീസിലെ ബിസിനസ്സ് യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അര്‍ത്ഥമില്ലാത്തതായിരുന്നു എന്നും താന്‍ അന്ധാളിച്ചുപോയെന്നും ധനഞ്ജയന്‍ വെളിപ്പെടുത്തി. “ഞാന്‍ മറുപടി പറഞ്ഞു, ‘സര്‍, പറഞ്ഞത് ഞാന്‍ ശരിക്ക് കേട്ടില്ല, നിങ്ങള്‍ ഒന്നര കോടി രൂപയാണോ അതോ 15 കോടി രൂപയാണോ പറഞ്ഞത്?’ 15 കോടി രൂപ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു, ആ വിലയ്ക്ക് ഈ ചിത്രം വാങ്ങുന്ന ഒരാളെ കണ്ടെത്താന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്ന് ഞാന്‍ ആശംസിച്ചു.”

മഞ്ഞുമ്മല്‍ ബോയ്സ് ഒരുതവണ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണെന്നും എല്ലാ മലയാള സിനിമകള്‍ക്കും തമിഴ്നാട് ബോക്സ് ഓഫീസില്‍ ഇത്തരം പ്രകടനം ആവര്‍ത്തിക്കാനാകില്ലെന്നും ധനഞ്ജയന്‍ അഭിപ്രായപ്പെട്ടു.

“മഞ്ഞുമ്മല്‍ ബോയ്‌സ് മാജിക്കല്‍ ആയിരുന്നു. മറ്റൊരു ചിത്രത്തിന് അതെങ്ങനെ നേടാനാകും? ആവേശം പോലൊരു ചിത്രം ഒരു കോടി രൂപ ഷെയര്‍ നേടിയാല്‍പോലും അത് വലിയ കാര്യമായിരിക്കും. പ്രേമലു പോലും നേടിയത് 5 കോടി മാത്രമാണ്, അതില്‍ 3 കോടി രൂപ ലാഭവിഹിതമാണ്. വിശാഖിന് തമിഴ്നാട്ടില്‍ 15 കോടി രൂപയ്ക്ക് ആ ചിത്രം വാങ്ങാന്‍ ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു വിതരണക്കാരന്‍ മുഖേന ആ ചിത്രം തമിഴ്നാട്ടില്‍ റിലീസ് ചെയ്‌തെങ്കിലും 50 ലക്ഷം രൂപ പോലും നേടിയില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top