‘വര്‍ഷങ്ങള്‍ക്കു ശേഷം’ തമിഴ്‌നാട് വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്ക്ക്; വിനീത് ശ്രീനിവാസന്‍ ചിത്രം ഏപ്രില്‍ 11ന് തിയറ്ററുകളിലേക്ക്

മലയാള സിനിമകള്‍ തമിഴ്‌നാട് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ ആ നിരയിലേക്ക് ചേരാന്‍ വിനീത് ശ്രീനിവാസന്‍ ചിത്രവും. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിന്റെ തമിഴ്‌നാട്ടിലെ വിതരണാവകാശം വിറ്റുപോയത് റെക്കോര്‍ഡ് തുകയ്‌ക്കെന്ന് റിപ്പോര്‍ട്ട്. തമിഴിലെ വമ്പന്‍ കമ്പനികളില്‍ ഒന്നായ ശക്തി ഫിലിം ഫാക്ടറിയാണ് മെറിലാന്‍ഡ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയത്.

വലിയ ക്യാന്‍വാസില്‍ വമ്പന്‍ താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍-വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. വിനീത് ശ്രീനിവാസന്‍ തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പ്രണവിനും ധ്യാനിനുമൊപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ വലിയ താരനിര അണിനിരക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വഹിച്ച ലൗ ആക്ഷന്‍ ഡ്രാമക്ക് ശേഷം നിവിന്‍ പോളി, വിനീത് ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിശാഖ് സുബ്രഹ്‌മണ്യം എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയൊട്ടാകെയുള്ള തിയറ്ററുകളില്‍ എത്തിക്കുന്നത്. അമൃത് രാംനാഥ് ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പ്രണവിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ഹൃദയം എന്ന ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്ക് അവകാശം നേരത്തേ ഇന്ത്യയിലെ തന്നെ പ്രശസ്ത നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സ് സ്വന്തമാക്കിയിരുന്നു. ഹൃദയവും മെറിലാന്‍ഡ് സിനിമാസ് ആണ് നിര്‍മിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top