14 പാട്ടുകളുമായി വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം; ഹൃദയത്തിനു ശേഷം മറ്റൊരു സംഗീത വിരുന്ന്

ഹൃദയം എന്ന സിനിമയ്ക്കു ശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. 1980കളുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ധ്യാന്‍ ശ്രീനിവാസനുമാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിലെ ആദ്യ ഗാനം ‘മധു പകരൂ’ ദിവസങ്ങള്‍ക്ക് മുമ്പാണ് റിലീസ് ചെയ്തത്. 14 പാട്ടുകളുമായാണ് വര്‍ഷങ്ങള്‍ക്കു ശേഷം പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹൃദയം എന്ന ചിത്രത്തില്‍ 15 പാട്ടുകളാണ് ഉണ്ടായിരുന്നത്. മലയാള സിനിമയില്‍ ഇതല്‍പ്പം അസാധാരണമാണ്. അത്തരത്തില്‍ ഒരിക്കല്‍കൂടി അസാധരണ വഴി തിരഞ്ഞെടുക്കുകയാണ് വിനീത് ശ്രീനിവാസന്‍. ഹൃദയത്തിന്റെ സംഗീതം ഹിഷാം അബ്ദുള്‍വഹാബ് ആയിരുന്നെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് അമൃത് രാമനാഥ് ആണ്.

ഹൃദയം ഒരുക്കുന്ന സമയത്ത് 15 പാട്ടുകള്‍ ഉണ്ടാകുമെന്ന് പ്ലാനില്‍ എവിടെയും ഇല്ലായിരുന്നെന്ന് പല അഭിമുഖങ്ങളിലും വിനീത് തന്നെ പറഞ്ഞിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം റിലീസ് വൈകിയതാണ് പാട്ടുകളുടെ എണ്ണം കൂടാന്‍ കാരണമായത്. കൂടുതല്‍ പാട്ടുകള്‍ സൃഷ്ടിക്കുകയും എല്ലാം ഇഷ്ടപ്പെട്ടതിനാല്‍ ഒന്നും ഒഴിവാക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു വിനീതും ഹിഷാമും. ദര്‍ശനാ, മനസേ മനസേ, പൊട്ടുതൊട്ട പൗര്‍ണമി, നഗുമോ എന്നീ പാട്ടുകള്‍ സൂപ്പര്‍ ഹിറ്റുകളായിരുന്നു.

മൂന്നു ദിവസം മുമ്പ് പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രത്തിലെ പാട്ട് യൂട്യൂബില്‍ ഇതോടകം 32 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. വിനീത് ശ്രീനിവാസന്‍ തന്നെ ആലപിച്ച ‘മധു പകരൂ’ എന്ന ഗാനരംഗത്തില്‍ അഭിനയിച്ചിരിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മറ്റ് പാട്ടുകള്‍ പുറകെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top