‘വര്‍ഷങ്ങള്‍ക്കു ശേഷം’ സിനിമയില്‍ പ്രിയദര്‍ശന്റെ സഹായം ഓര്‍ത്ത് വിനീത് ശ്രീനിവാസന്‍; ‘പഴയ മദ്രാസിനെ പുനസൃഷ്ടിക്കുന്നതിൽ വലിയ സഹായമുണ്ടായി’

പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘വര്‍ഷങ്ങൾക്കു ശേഷം’ ഈ വര്‍ഷം ഏറെ പ്രതീക്ഷകളോടെ മലയാള സിനിമാ പ്രേമികള്‍ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്തും. 1970കള്‍ മുതല്‍ മദ്രാസില്‍ നടക്കുന്ന കഥയാണ് വര്‍ഷങ്ങള്‍ക്കു ശേഷം എന്നാണ് വിവരം. 70കളിലെ മദ്രാസ് പുനഃസൃഷ്ടിക്കാന്‍ തന്നെ സഹായിച്ചത് സംവിധായകന്‍ പ്രിയദര്‍ശനാണെന്ന് വിനീത് ശ്രീനിവാസന്‍ പറയുന്നു.

പ്രിയദര്‍ശന്റെ അഭിപ്രായം അറിയാനാണ് വിനീത് സ്‌ക്രിപ്റ്റ് അദ്ദേഹത്തിന് വായിച്ചുകൊടുത്തത്. 1970-80 കാലയഘട്ടങ്ങളില്‍ മദ്രാസ് നഗരത്തില്‍ ജീവിച്ച പ്രിയദര്‍ശന് തന്നെ സഹായിക്കാനാകും എന്ന വിശ്വാസത്തോടെ തന്നെയാണ് വിനീത് അങ്ങനെ ചെയ്തത്. പ്രതീക്ഷിച്ചതു പോലെ തന്നെ പ്രിയദര്‍ശന്റെ ഭാഗത്തുനിന്നും വലിയ തരത്തിലുള്ള സഹായങ്ങള്‍ ഉണ്ടായെന്ന് വിനീത് പറയുന്നു. സിനിമയിലെ പ്രധാന കഥാപാത്രം എന്നതുപോലെ എത്തുന്ന സ്വാമീസ് ലോഡ്ജിനെക്കുറിച്ചും അതിന്റെ ഉടമയായ സ്വാമിനാഥനെക്കുറിച്ചും പ്രിയദര്‍ശന്‍ കൂടുതല്‍ കാര്യങ്ങള്‍ വിനീതിന് പറഞ്ഞുകൊടുത്തു. സിനിമക്കുള്ളിലെ സിനിമയെക്കുറിച്ചാണ് വര്‍ഷങ്ങള്‍ക്കു ശേഷം പറയുന്നത് എന്നതിനാല്‍, അക്കാലത്തെ ഫിലിം സ്റ്റുഡിയോകളില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും പ്രിയദര്‍ശന്‍ ചില ഇന്‍പുട്ടുകള്‍ വിനീതിന് നല്‍കി.

കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായികയായി എത്തുന്നത്. നിവിന്‍ പോളി ഗസ്റ്റ് റോളിലും ത്തെുന്നു. ബേസില്‍ ജോസഫ്, നീരജ് മാധവ്, സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാന്‍, നീത പിള്ള തുടങ്ങിയവരും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. നവാഗതനായ അമൃത് രാംനാഥ് ആണ് പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. മെറിലാന്‍ഡ് സിനിമാസ് നിര്‍മിക്കുന്ന ചിത്രം ഏപ്രില്‍ 11ന് തിയറ്ററുകളില്‍ എത്തും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top