വടകര ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് കേസില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്; എന്ത് നടപടി സ്വീകരിച്ചു; അന്വേഷണ വിവരം രണ്ടാഴ്ചയ്ക്കകം അറിയിക്കണം

കൊച്ചി: വടകര ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് വിവാദമായ ‘കാഫിര്‍’ സ്‌ക്രീന്‍ ഷോട്ട് കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പി.കെ.ഖാസിം നല്‍കിയ ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതി നോട്ടീസ്. യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഖാസിമിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണം എന്നാണ് പോലീസിന് കോടതി നല്‍കിയ നിര്‍ദേശം. പോലീസ് നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് ഖാസിമിന്‍റെ പ്രതികരണം.

വടകര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കലാശക്കൊട്ടിന്റെ അന്നാണ് വിവാദ കാഫിർ സ്ക്രീൻഷോട്ട് പ്രചരിക്കുന്നത്. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ദീനിയായ മുസ്‌ലിമായും ഇടതു സ്ഥാനാർഥി കെ.കെ.ഷൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു വിവാദ സ്ക്രീൻ ഷോട്ട്. ഖാസിമിന്റെ പേരിലായിരുന്നു പോസ്റ്റ്.

തന്റെ പേരിൽ പ്രചരിക്കുന്ന സ്ക്രീൻ ഷോട്ട് വ്യാജമാണെന്നും അതിനു പിന്നിലുള്ളവരെ പിടികൂടണമെന്നും ആവശ്യപ്പെട്ട് ഖാസിം വടകര പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാല്‍ ഖാസിമിനെ പ്രതിചേർത്ത് കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. ഖാസിമിനെ ചോദ്യം ചെയ്യുകയും ഫോൺ പരിശോധിക്കുകയും ചെയ്തെങ്കിലും തെളിവുകള്‍ കണ്ടെത്തിയില്ല.

സ്ക്രീൻ ഷോട്ടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഖാസിം എസ്പിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി ഹൈക്കോടതി ജൂണ്‍ 18ന് വീണ്ടും പരിഗണിക്കും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top