കുര്‍ബാനയുടെ കുരുക്ക് അഴിയാതെ… വത്തിക്കാന്‍ പ്രതിനിധിയുടെ ദൗത്യം വിജയിക്കുമോ

കൊച്ചി : എറണാകുളം അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പരിഹരിക്കാന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ കൊച്ചിയിലെത്തി. പ്രശ്‌ന പരിഹാരത്തിന് വിശദമായ ചര്‍ച്ചകള്‍ക്കായാണ് സിറില്‍ വാസിലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് വത്തിക്കാന്‍ പ്രതിനിധി ചര്‍ച്ചകള്‍ക്കായി കേരളത്തിലെത്തുന്നത്. കഴിഞ്ഞ തവണത്തെ സന്ദര്‍ശനം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സെന്റ് മേരീസ് ബസലിക്കയില്‍ ഏകീകൃത കുര്‍ബാനയര്‍പ്പിക്കാനെത്തിയ സിറില്‍ വാസിലിനെ വിശ്വാസികള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതേതുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ബസലിക്ക അടച്ച് പൂട്ടുകയും ചെയ്തു. ഇത്തവണ സംഘര്‍ഷങ്ങളുണ്ടാകില്ലെന്നും സമാധാനപരമായ ചര്‍ച്ചകള്‍ മാത്രമേയുണ്ടാകൂവെന്നും സത്യവാങ്ങ്മൂലം നല്‍കിയ ശേഷമാണ് സിറില്‍ വാസില്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങിയതെന്ന സൂചനകള്‍ ശക്തമാണ്.

ക്രിസ്മസിനു മുമ്പ് കുര്‍ബാന തര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്ന നിര്‍ദ്ദേശമാണ് മാര്‍പാപ്പ നല്‍കിയിരിക്കുന്നത്. സന്ദര്‍ശനത്തിന് മുമ്പ് മാര്‍പാപ്പയുമായി പ്രത്യേക ചര്‍ച്ചയും സിറില്‍ വാസില്‍ നടത്തിയിരുന്നു. ഏഴ് ദിവസം കൊച്ചിയില്‍ തങ്ങി എല്ലാ വിഭാഗവുമായി ചര്‍ച്ച ചെയ്ത് പ്രശ്‌ന പരിഹാരമുണ്ടാക്കാനാണ് ശ്രമം. ഇന്ന് സഭ അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂരുമായാണ് ചര്‍ച്ച. നാളെ മുതല്‍ വൈദികരുമായും വിശ്വാസികളുമായും ചര്‍ച്ചകള്‍ നടത്തും. കുര്‍ബാന തര്‍ക്കത്തില്‍ എല്ലാവരും യോജിച്ച് ഒരു തീരുമാനമെടുക്കണമെന്ന് മാര്‍പാപ്പ വീഡിയോ സന്ദേശത്തില്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജനാഭിമുഖ കുര്‍ബാന ഒഴിവാക്കുന്ന ഒരു നിര്‍ദ്ദേശവും അംഗീകരിക്കാനിവില്ലെന്ന കടുത്ത നിലപാടിലാണ് ഒരു വിഭാഗം വൈദികരും വിശ്വാസികളും.

ചര്‍ച്ചകളെ സ്വാഗതം ചെയ്യുന്നതായും എന്നാല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും അതിരൂപതാ സംരക്ഷണ സമിതി വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. മെത്രാന്‍ സിനഡ് തീരുമാനിച്ച തരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടത്താം. ഈ ധാരണയില്‍ നിന്ന് പിന്നോട്ട് പോയാല്‍ അംഗീകരിക്കില്ല. എറണാകുളം കത്തിഡ്രല്‍ ബസിലിക്ക സിറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായതിനാല്‍ വിശേഷ ദിവസങ്ങളില്‍ ഏകീകൃത രീതിയില്‍ കുര്‍ബാന നടത്താം. ഇത് അംഗീകരിച്ചില്ലെങ്കില്‍ ബസിലിക്ക അടഞ്ഞ് തന്നെ കിടക്കുമെന്നും റിജു കാഞ്ഞൂക്കാരന്‍ പറഞ്ഞു. പാതിരാ കുര്‍ബാന റദ്ദാക്കി കഴിഞ്ഞ ക്രിസ്മസിനാണ് സെന്റ് മേരീസ് ബസിലിക്ക പോലീസ് പൂട്ടി സീല്‍ ചെയ്തത്.

മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനത്ത് നിന്നും മാര്‍ ജോര്‍ജ് ആലഞ്ചേരിയും, അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തും സ്ഥാനം രാജിവച്ചിരുന്നു. ഇതോടെ സഭയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നായിരുന്നു വത്തിക്കാന്റെ കണക്കുകൂട്ടല്‍. എന്നാല്‍ കുര്‍ബാനയില്‍ ഇപ്പോഴും തര്‍ക്കം രൂക്ഷമായി തുടരുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top