അടിച്ചേല്‍പ്പിക്കലിലൂടെ കുര്‍ബാന പ്രശ്‌നം പരിഹരിക്കപ്പെടില്ല; മാര്‍പാപ്പ പ്രതിനിധിയുമായുള്ള ചര്‍ച്ചയില്‍: എറണാകുളം-അങ്കമാലി വൈദികര്‍

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കത്തില്‍ ഏകപക്ഷീയമായ അടിച്ചേല്‍പ്പിക്കല്‍ അംഗീകരിക്കില്ലെന്ന് വൈദികര്‍. പ്രശ്‌ന പരിഹാരത്തിന് മാര്‍പാപ്പ നിയോഗിച്ച പ്രത്യേക പ്രതിനിധി ആര്‍ച്ചുബിഷപ് സിറില്‍ വാസിലിനോടാണ് വൈദികര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ എല്ലാവരുമായി സിറില്‍ വാസില്‍ പ്രത്യേകം ചര്‍ച്ച നടത്തുന്നുണ്ട്. അതിരൂപതയിലെ 16 ഫൊറോനകളിലെ 12 ഇടത്തുനിന്നുമുള്ള വൈദികരുമായി ചര്‍ച്ച നടത്തി കഴിഞ്ഞു. അങ്കമാലി, മൂക്കന്നൂര്‍, കറുകുറ്റി, ചേര്‍ത്തല, കൊരട്ടി, വല്ലം, മഞ്ഞപ്ര, കാഞ്ഞൂര്‍, എറണാകുളം, ഇടപ്പള്ളി, വൈക്കം പള്ളിപ്പുറം എന്നീ ഫൊറോനകളിലെ വൈദികരമായുള്ള ചര്‍ച്ചകളാണ് പൂര്‍ത്തിയായത്.

വെള്ളിയാഴ്ച 10 അംഗ ഉപദേശക സമിതിയുമായും സിറില്‍ വാസില്‍ ചര്‍ച്ച നടത്തിയിരുന്നു. കുര്‍ബാന പ്രശ്‌നം അതിരൂപതയുടെ അജപാലന പ്രതിസന്ധിയാണെന്നും അത് ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നുമാണ് ഉപദേശക സമിതി അംഗങ്ങള്‍ ചർച്ചയില്‍ അറിയിച്ചത്. കുര്‍ബാന തര്‍ക്കത്തില്‍ മാര്‍പാപ്പയുടെ വീഡിയോ സന്ദേശത്തിലുടനീളം വസ്തുതാപരമായ തെറ്റുകള്‍ കടന്നുകൂടിയിട്ടുണ്ട്. മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്താണ് മാര്‍പാപ്പയെ തെറ്റിദ്ധരിപ്പിച്ചത്. ഇത്തരത്തിലുള്ള തെറ്റായ നീക്കത്തിലൂടെ സമവായം സാധ്യമല്ലെന്നും വൈദികര്‍ പ്രതിനിധിയെ അറിയിച്ചിട്ടുണ്ട്.

മെത്രാന്‍ സിനഡ് തീരുമാനിച്ച തരത്തില്‍ വര്‍ഷത്തിലൊരിക്കല്‍ എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടത്താമെന്നാണ് ഭൂരിഭാഗം വൈദികരുടേയും അതിരൂപത സംരക്ഷണ സമിതിയുടേയും നിലപാട്. അതല്ലാതെ ജനാഭിമുഖ കുര്‍ബാന ഒഴിവാക്കുന്ന ഒരു നിര്‍ദ്ദേശവും അംഗീകരിക്കാനാവില്ല. എറണാകുളം കത്തിഡ്രല്‍ ബസിലിക്ക സിറോ മലബാര്‍ സഭയുടെ ആസ്ഥാന ദേവാലയമായതിനാല്‍ വിശേഷ ദിവസങ്ങളില്‍ ഏകീകൃത രീതിയില്‍ കുര്‍ബാന നടത്താമെന്നുമാണ് ഇവരുടെ നിലപാട്. ക്രിസ്മസിനു മുമ്പ് കുര്‍ബാന തര്‍ക്കത്തില്‍ പരിഹാരം ഉണ്ടാകണമെന്ന നിര്‍ദ്ദേശമാണ് മാര്‍പാപ്പ നല്‍കിയിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top