കടുത്ത സാമ്പത്തിക ദാരിദ്ര്യത്തില്‍ വത്തിക്കാന്‍; പെന്‍ഷനുകള്‍ മുടങ്ങി; പോപ്പ് ഫ്രാന്‍സിസിന്റെ നിലപാടുകളോടുള്ള വിയോജിപ്പുമൂലം സംഭാവനകള്‍ കുറഞ്ഞു

ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങുന്നത് കേരളത്തില്‍ മാത്രമല്ല, ആഗോള കത്തോലിക്ക സഭയുടെ തലവനായ പോപ്പിന്റെ ആസ്ഥാനമായ വത്തിക്കാനിലും സമാന അവസ്ഥായാണ്. വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്പത്തിക ദാരിദ്ര്യത്തിലെന്നാണ് റിപ്പോര്‍ട്ട്. വിരമിച്ച വൈദികര്‍ക്കും മറ്റ് പല ജീവനക്കാര്‍ക്കും നല്‍കിയിരുന്ന പെന്‍ഷനുകള്‍ കൊടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ്.

വിദേശങ്ങളില്‍ നിന്നുള്ള വിശ്വാസികളുടെ സംഭാവനയില്‍ വന്‍ ഇടിവുണ്ടായതാണ് ഇപ്പോഴത്തെ പാപ്പരാവസ്ഥയ്ക്ക് കാരണം. സഭാ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പുരോഗമന നിലപാടുകളോടുള്ള വിശ്വാസികളുടെ വിയോജിപ്പും സാമ്പത്തിക തകര്‍ച്ചയ്ക്ക് കാരണമായെന്ന് ഇംഗ്ലണ്ടില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഡെയിലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്വവര്‍ഗാനുരാഗം, കാലാവസ്ഥ വ്യതിയാനം, ലിംഗസമത്വം, കുടുംബ മൂല്യങ്ങളെക്കുറിച്ചുള്ള പുതിയ നിര്‍വചനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പോപ്പ് ഫ്രാന്‍സിസ് സ്വീകരിച്ച സമീപനങ്ങളോട് പാരമ്പര്യ വാദികളായ വിശ്വാസികള്‍ക്ക് കടുത്ത എതിര്‍പ്പുണ്ട്. ഇത്തരക്കാരാണ് സ്‌തോത്ര കാഴ്ചകളും സംഭാവനകളും നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നത്. വിശ്വാസികളുടെ ഈ നിസ്സഹകരണം മൂലമാണ് വരുമാനം കുറയാന്‍ ഇടയാക്കിയതെന്ന് വിലയിരുത്തപ്പെടുന്നത്.

വത്തിക്കാന്റെ പ്രധാന വരുമാനം ടൂറിസം വ്യവസായമാണ്. സഭയുടെ ആസ്ഥാനമെന്ന നിലയില്‍ വത്തിക്കാനിലെ മ്യൂസിയം, സെന്റ് പീറ്റേഴ്‌സ് ബസലിക്ക തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തിയിരുന്നു. കോവിഡിന് ശേഷം ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും തിരിച്ചടിയായി. വിരമിച്ച വൈദികരുടെ പെന്‍ഷന്‍ ഇനത്തില്‍ 5358 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവഴിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം പലപ്പോഴും പെന്‍ഷന്‍ വിതരണം മുടങ്ങുന്നത് പതിവാണ്.

വത്തിക്കാനില്‍ സാമ്പത്തിക പ്രയാസമുണ്ടെന്ന് മാര്‍പ്പാപ്പ തന്നെ സമ്മതിച്ചതായി ഡെയിലി എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവിലെ സാമ്പത്തിക ഞെരുക്കം എപ്പോള്‍ തീരുമെന്ന് പറയാനാവില്ലെന്നാണ് പോപ്പിനെ ഉദ്ധരിച്ചു കൊണ്ട് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രിസ്തുവിന്റെ ജനനത്തിന്റെ ജുബിലി ആഘോഷിക്കുന്ന അടുത്ത വര്‍ഷം 35 ലക്ഷം ടൂറിസ്റ്റുകള്‍ വത്തിക്കാന്‍ സന്ദര്‍ശിക്കുമെന്നാണ് കരുതുന്നത്. വിശ്വാസികളായ ഇത്രയും സഞ്ചാരികളുടെ വരവോടെ സാമ്പത്തിക ദാരിദ്യത്തില്‍ നിന്ന് കരകയറാമെന്നാണ് കരുതുന്നത്.

മാസങ്ങളായി വത്തിക്കാന്‍ ഭരണകൂടം കടുത്ത സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. വന്‍ തോതില്‍ സാമ്പത്തിക തിരിമറി നടത്തിയ വൈദികരേയും കര്‍ദിനാളമ്മാരെയും പിരിച്ചു വിടുകയും ചെയ്തിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top