ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കളക്ടറെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചെന്ന് വി.ഡി.സതീശന്‍; പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതിയായ സിപിഎം നേതാവ് പി.പി.ദിവ്യക്ക് ജാമ്യം ലഭിക്കാന്‍ കളക്ടറെ ഭീഷണിപ്പെടുത്തി മൊഴി മാറ്റി പറയിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നതിനു വേണ്ടിയുള്ള അവസരമുണ്ടാക്കി കൊടുത്തതെന്നും സതീശന്‍ ആരോപിച്ചു.
” നവീന്‍ ബാബുവിന്റെ വീട്ടില്‍ പോയി പാര്‍ട്ടി കുടുംബത്തിന് ഒപ്പമാണെന്നാണ് ഗോവിന്ദന്‍ പറഞ്ഞത്. ഗോവിന്ദന്‍ അതു പറയുമ്പോള്‍ പാര്‍ട്ടിഗ്രമത്തില്‍ പാര്‍ട്ടി ദിവ്യയെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. എന്തൊരു വിരോധാഭാസവും ഇരട്ടത്താപ്പുമാണ്? നവീന്‍ ബാബുവിന്റെ കുടുംബത്തെ പരിഹസിക്കുകയും കബളിപ്പിക്കുകയും അപമാനിക്കുകയുമാണ് സി.പി.എം ചെയ്തത്.”
“എഡിഎം അഴിമതിക്കാരനാണെന്നു വരുത്തിത്തീര്‍ക്കാനാണ് എകെജി സെന്ററില്‍ വ്യാജരേഖയുണ്ടാക്കിയത്. നവീന്‍ ബാബു അഴിമതിക്കാരനാണെന്ന് വരുത്തിത്തീര്‍ത്ത് ദിവ്യയെ രക്ഷിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്നതു കൊണ്ട് മാത്രമാണ് ദിവ്യയ്‌ക്കെതിരെ നടപടി എടുക്കാന്‍ പാര്‍ട്ടി തയാറായത്. ഇതിനെതിരെ ജനങ്ങള്‍ക്കിടയില്‍ ശക്തമായ വികാരമുണ്ട്. കളക്ടര്‍ക്കെതിരെ റവന്യൂ വകുപ്പ് എന്ത് നടപടിയാണ് എടുത്തത്? ക്ഷണിക്കപ്പെടാതെ വന്ന ദിവ്യ എഡിഎമ്മിനെ അധിക്ഷേപിച്ച് സംസാരിക്കുമ്പോള്‍ കളക്ടര്‍ ചിരിച്ചുകൊണ്ട് ഇരിക്കുകയായിരുന്നില്ലേ? സതീശന്‍ ചോദിച്ചു.”
“മന്ത്രി എം.ബി.രാജേഷും അളിയനും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയായിരുന്നു പാലക്കാട്ടെ പാതിരാ നാടകമെന്ന് എല്ലാവര്‍ക്കും ബോധ്യമായി. മുന്‍ എംപിയും മുതിര്‍ന്ന സിപിഎം നേതാവുമായ കൃഷ്ണദാസ് തന്നെയാണ് പെട്ടി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും പെട്ടി ദൂരേക്ക് വലിച്ചെറിയുമെന്നും പറഞ്ഞത്. പെട്ടി ചര്‍ച്ച ചെയ്യാന്‍ വന്നവര്‍ക്ക് തന്നെ പെട്ടി ദൂരത്തേക്ക് വലിച്ചെറിയേണ്ടി വരുന്ന വിചിത്രമായ കാഴ്ചയാണ് കാണുന്നത്. സ്വയം പരിഹാസ്യരായി നില്‍ക്കുകയാണ് സി.പി.എം നേതാക്കള്‍.” – സതീശന്‍ പറഞ്ഞു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here