ബിജെപിയെ ഭയമുള്ള ഭീരുക്കളാണ് കേരളം ഭരിക്കുന്നതെന്ന് സതീശന്‍; സിപിഎം മത്സരിക്കുന്നത് കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാന്‍; രാഷ്ട്രപതിക്കെതിരെയുള്ള നീക്കം വെറും തിരഞ്ഞെടുപ്പ് സ്റ്റണ്ട്

കൊച്ചി: ബിജെപിയെ ഭയന്നാണ് കേരളത്തിലെ സിപിഎം നില്‍ക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഈ ലോക്സഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസിന്റെ മയ്യത്തെടുക്കുമെന്ന് എ.കെ ബാലന്‍ പറയുമ്പോള്‍ അതിനര്‍ത്ഥം ബിജെപി ജയിക്കുമെന്നാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തെ പേടിച്ച് പിണറായി വിജയന്‍ അനുയായികളെക്കൊണ്ട് ബിജെപിയെ സന്തോഷിപ്പിക്കുന്ന പ്രസ്താവനകള്‍ പുറപ്പെടുവിപ്പിക്കുകയാണ്. ബിജെപിയെ ഭയമുള്ള ഭീരുക്കളാണ് കേരളം ഭരിക്കുന്നത്. ദേശീയ പാര്‍ട്ടി അംഗത്വമില്ലെങ്കില്‍ ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയുമൊക്കെ ചിഹ്നത്തില്‍ മത്സരിക്കേണ്ടി വരുമെന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പറയുന്നത്. ബിജെപിയെ പരാജയപ്പെടുത്താനല്ല, കൊടിയും ചിഹ്നവും നഷ്ടപ്പെടാതിരിക്കാനാണ് സിപിഎം മത്സരിക്കുന്നത്.

രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും എതിരെ സുപ്രീം കോടതിയെ സമീപിച്ചത് തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ്. നേരത്തെ കേന്ദ്രം 57600 കോടി തരാനുണ്ടെന്നാണ് പറഞ്ഞതെങ്കിലും കേസ് നല്‍കിയപ്പോള്‍ കടം എടുക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് കോടതിയില്‍ ആവശ്യപ്പെട്ടത്. ബിജെപിക്ക് ഇല്ലാത്ത സ്‌പേസാണ് സിപിഎം ഉണ്ടാക്കിക്കൊടുക്കാന്‍ ശ്രമിക്കുന്നത്. സിപിഎം മുന്‍ എല്‍എല്‍എ യെച്ചൂരിയെയും കാരാട്ടിനെയും കാണാതെ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിനെ സന്ദര്‍ശിച്ചിട്ടും നടപടിയെടുക്കാന്‍ ധൈര്യമില്ല. സിപിഎം നേതാക്കള്‍ക്കെതിരായ എല്ലാ കേന്ദ്ര അന്വേഷണങ്ങളും നിലച്ചു. കരുവന്നൂര്‍, മാസപ്പടി കേസുകളിലും ഇപ്പോള്‍ ഒരു അന്വേഷണവുമില്ല. പിണറായി വിജയനെയും കുടുംബത്തെയും സിപിഎമ്മിനെയും ബിജെപി ഭയപ്പെടുത്തി നിര്‍ത്തിയിരിക്കുകയാണ്.

കര്‍ണാടക എന്‍ഡിഎ ഘടകകക്ഷിയായ ജനതാദള്‍ (എസ്) ഇപ്പോഴും കേരളത്തിലെ മന്ത്രിസഭയില്‍ തുടരുന്നത് എന്തുകൊണ്ടാണ്? ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് മന്ത്രി കൃഷ്ണന്‍ കുട്ടിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെയും പുറത്താക്കാത്തത്. പൗരത്വ നിയമ പ്രക്ഷോഭത്തിനെതിരായ കേസുകള്‍ അഞ്ച് കൊല്ലമായിട്ടും പിന്‍വലിക്കാതിരുന്നതും ബിജെ.പിയെ സന്തോഷിപ്പിക്കുന്നതിനാണ്. അതേ പിണറായി വിജയനാണ് ഇപ്പോള്‍ പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കുന്നത്-സതീശന്‍ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top